
വിതുര: വിതുര പഞ്ചായത്തിൽ പൈപ്പ് പൊട്ടൽ തുടർക്കഥയായി മാറിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പമ്പ്ചെയ്യുന്ന ആയിരക്കണക്കിന് ലീറ്റർവെള്ളം പാഴായി ഒഴുകിയിട്ടും വാട്ടർഅതോറിട്ടി അനങ്ങുന്നില്ലെന്നാണ് പരാതി. നിലവിൽ പഞ്ചായത്തിൽ ആറിടങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നുണ്ട്. പൈപ്പ് പൊട്ടുന്ന മേഖലകളിൽ നന്നാക്കുന്നതുവരെ കുടിവെള്ളം ലഭിക്കാറില്ല. വിതുര കെ.പി.എസ്.എം ജംഗ്ഷനിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. പ്രദേശത്ത് കൂടുതൽപേരും പൈപ്പ് ജലത്തെയാണ് ആശ്രയിക്കുന്നത്. ആഹാരം പാചകം ചെയ്യാൻപോലും കഴിയാത്ത അവസ്ഥയാണ് നിലവിൽ. ഇതോടെ വ്യാപാരിസമൂഹവും പ്രതിസന്ധിയിലാണ്. വെള്ളം ലഭിക്കാത്തതുമൂലം കടകൾ അടച്ചിടേണ്ട അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. വാട്ടർഅതോറിട്ടിക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
പൈപ്പുകൾ ശോച്യാവസ്ഥയിൽ
അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച പൈപ്പുകളുടെ ശോച്യാവസ്ഥ മൂലമാണ് പൈപ്പ് പൊട്ടൽ തുടരുന്നതെന്നാണ് വാട്ടർഅതോറിട്ടി പറയുന്നത്. തൊണ്ടന നയ്ക്കുവാൻ ദാഹനീര് തരൂ എന്ന മുദ്രാവാക്യമുയർത്തി സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
തൊണ്ട നനയ്ക്കാൻ ദാഹനീരില്ല
പൈപ്പ്പൊട്ടി ഒഴുകുന്ന വിതുര കെ.പി.എസ്.എം ജംഗ്ഷന് സമീപത്തുകൂടിയാണ് വാമനപുരം നദി നിറഞ്ഞൊഴുകുന്നത്. പൈപ്പുജലം ഇല്ലാതെ വന്നതോടെ ജനം നദിയെയാണ് ആശ്രയിക്കുന്നത്. വിതുരയിൽ ഇപ്പോൾ മിക്കദിവസങ്ങളിലും മഴപെയ്യുന്നുണ്ട്. പക്ഷേ നദി നിറഞ്ഞൊഴുകുമ്പോഴും മഴ കോരിച്ചൊരിയുമ്പോഴും നാട്ടുകാർക്ക് കുടിക്കാൻ വെള്ളമില്ലെന്നുള്ളതാണ് വസ്തുത. കെ.പി.എസ്.എം ജംഗ്ഷനിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് നാട്ടുകാർ ഇന്നലെ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
വെള്ളമില്ലാതെ വലഞ്ഞ്
മൂന്ന് മാസംമുൻപ് കെ.പി.എസ്.എം ജംഗ്ഷനു സമീപം മുളക്കോട്ടുകരയിലും പൈപ്പ് ജലവിതരണം തടസപ്പെട്ടിരുന്നു. പൈപ്പ് പൊട്ടിയതാണ് കാരണം. ഓണത്തിനുപോലും ഇവിടെ പൈപ്പ് ജലം ലഭിച്ചിരുന്നില്ല. രണ്ടാഴ്ച മുൻപാണ് പൈപ്പ് നന്നാക്കി ശുദ്ധജല വിതരണം പുനസ്ഥാപിച്ചത്.