തിരുവനന്തപുരം: നിത്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് ഗ്രാമ കോടതിയൊരുക്കി വെങ്ങാനൂർ പഞ്ചായത്ത്. സമൂഹത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടാണ് ഗ്രാമകോടതി എന്ന ആശയം പ്രാബല്യത്തിൽ വരുത്തിയത്. ഗാന്ധിസ്മാരകനിധിക്ക് കീഴിലുള്ള ഗാന്ധിയൻ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരള ലീഗൽ സർവീസ് അതോറിട്ടിയുടെ സഹകരണത്തോടെ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രാമകോടതി സ്ഥിരം അദാലത്തിന്റെ ഉദ്ഘാടനം 12ന് രാവിലെ 11ന് കേരള ലീഗൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ചെയർമാനും ഹൈകോടതി സീനിയർ ജഡ്ജുമായ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യും. ഗ്രാമകോടതി ഗാന്ധിയൻ പ്രശ്ന പരിഹാരം ഫോറത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങ് കേരള ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോ.ശശിതരൂർ എം.പി, ജില്ല സെഷൻസ് ജഡ്ജ് പ്രിൻസിപ്പൽ പി.വി.ബാലകൃഷ്ണൻ, അഡീഷണൽ ജില്ലാ ജഡ്ജി എം.എം.ബഷീർ, സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ തുടങ്ങിയവർ പങ്കെടുക്കും. റിട്ട.ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,ഡോ.എൻ.രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.