
കാട്ടാക്കട: അന്താരാഷ്ട്ര നിലവാരമുള്ള കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രം ഇന്ന് മുഖ്യമന്ത്രി തുറന്നു കൊടുക്കും. കിഫ്ബിയിൽ നിന്നു 105 കോടി മുടക്കിയാണ് കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. തറക്കല്ലിട്ട് രണ്ട് മാസത്തിനകം ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടു. തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ2021ൽ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതി നടത്തിപ്പ് ഹൗസിംഗ് ബോർഡിനാണ്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓഫീസ് തന്നെ വനം വകുപ്പിന്റെ നേതൃത്വത്തിൽ കാപ്പുകാട് ആരംഭിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചത് .പ്രധാന റോഡായ കോട്ടൂർ മുതൽ കാപ്പുകാട് വരെയുള്ള 2 കിലോമീറ്റർ ദൂരം പദ്ധതിയുടെ ഭാഗമായി നവീകരിച്ചു.
അഗസ്ത്യ വനത്തിനോട് ചേർന്ന 175 ഹെക്ടർ വനപ്രദേശത്താണ് കേന്ദ്രം
 അമ്പതോളം ആനകളെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് ഒറ്റയ്ക്കും കൂട്ടായും പാർപ്പിക്കാം.
2മുതൽ 5 വരെ ഏക്കർ സ്ഥലത്താണ് ഓരോ വാസസ്ഥാനം.
 ഓരോന്നിലും കൊട്ടിലുകളും ജലസംഭരണികളുമുണ്ട്.
പാർക്കിന്റെ അതിർത്തി ശക്തമായ വേലികൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
 ലോകോത്തര നിലവാരത്തിൽ
പതിനെട്ടോളം ആനകൾ ഇപ്പോൾ പാർക്കിൽ ഉണ്ടെങ്കിലും ഉദ്ഘാടനം കഴിയുമ്പോഴേക്കും അൻപതോളം ആനകളെ പരിപാലിക്കാൻ കഴിയും.
ആനകൾക്കായുള്ള ആശുപത്രി ഉൾപ്പെടെയുള്ള നിർമ്മാണം പൂർത്തീകരിച്ചു.
വെറ്ററിനറി ഹോസ്പിറ്റൽ,ആനക്കൊട്ടിലുകൾ,ആന മ്യൂസിയം, അഡ്മിനിസ്ട്രേഷൻ ഓഫീസ്, റിസർച്ച് ട്രെയിനിംഗ് സെന്റർ.
ഡോക്ടർമാർക്ക് ഉൾപ്പെടെ താമസിക്കാൻ ഹോസ്റ്റൽ - ക്വാർട്ടേഴ്സ്, അണുവിമുക്ത അടുക്കള, ബോട്ടിംഗ്, ആനയൂട്ട് ഗാലറി,പൂരം ഗ്രൗണ്ട് എന്നിവയും ഇവിടെയുണ്ട്. ഇതോടെ കോട്ടൂർ ആന പരിപാലനകേന്ദ്രവും പുത്തൂർ സൂവോളജിക്കൽ പാർക്കും മികച്ച കേന്ദ്രങ്ങളായി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം.
 സഞ്ചാരികളെ ഇതിലേ...
കുട്ടിആനകൾ മുതൽ അപകടകാരികളായ ആനകളെ വരെ പരിപാലിക്കാനും പരിചരിക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചങ്ങാടത്തിൽ അഗസ്ത്യമലകളുടെ ഭംഗി ആസ്വദിച്ച് നെയ്യാറിലൂടെയുള്ള ജലയാത്ര. മുളം ചങ്ങാടവും കുട്ടവഞ്ചിയും പെഡൽ ബോട്ടും ഇതിനായുണ്ട്. മരം കൊണ്ട് നിർമ്മിച്ച വീട്ടിൽ ഒരു രാത്രി താമസിക്കാനുള്ള അവസരവും. നെയ്യാറിന്റെ തീരത്ത് നിർമ്മിച്ച ലോഗ് ഹൗസുകൾ സഞ്ചാരികളുടെ മുഖ്യ ആകർഷണമായിമാറും. മുളം കമ്പുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
 തിരുവനന്തപുരത്തു നിന്ന് 35 കിലോമീറ്ററാണ് കോട്ടൂരിലേക്കുള്ള ദൂരം. തിരുവനന്തപുരം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി മലയിൻകീഴ് -കാട്ടാക്കട-കുറ്റിച്ചൽ റൂട്ടിൽ യാത്ര ചെയ്താൽ കോട്ടൂരിലെത്താം.