ko

കോവളം: ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പാച്ചല്ലൂർ പൊഴിക്കര ബീച്ചിന് പൂതുജീവൻ. കഴിഞ്ഞ ഒറ്റദിവസം കൊണ്ട് ബീച്ചിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെല്ലാം നഗരസഭയുടെ ശ്രമഫലമായി നീക്കംചെയ്തു. പനത്തുറ പൊഴിയും പൂന്തുറ പൊഴിയുടെയും സംഗമസ്ഥാനമായ പാച്ചല്ലൂർ പൊഴിക്കരയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശുചീകരണം. നഗരസഭയിലെ തിരുവല്ലം സോണലിന്റെ വെള്ളാർ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം എന്നീ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. നഗരസഭ കൗൺസിലർമാരായ പനത്തുറ പി. ബൈജു, വി.സത്യവതി എന്നിവർ ചേർന്ന് ശുചീകരണ യഞ്ജം ഉദ്ഘാടനം ചെയ്തു. നഗരസഭ ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ശുചീകരണത്തിന് തിരുവല്ലം സോണൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രജിതാറാണി, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ആർ. സിന്ധു, ശ്രീലത, ശബരിനാഥ് എന്നിവരും സന്നദ്ധ സംഘടന നേതാക്കളായ ഡി.ജയകുമാർ, ഉദയരാജ് ലഗുണ, വാഴമുട്ടം രാധാകൃഷ്ണൻ, തമ്പി (ബീച്ച് അൻഡ് ലേക്ക്)​, ആർ.അഭിലാഷ്, ആറ്റോരം സത്യൻ എന്നിവർ നേതൃത്വം നൽകി.

 ലക്ഷ്യം സമ്പൂർണ ശുചിത്വം

രാത്രികാലങ്ങളിൽ ബീച്ചിൽ കൂരിരുട്ടാണ്. കരമനയാർ, പാർവതിപുത്തനാർ, കോവളം കനാൽ എന്നീ പുഴകൾ സംഗമിച്ച് അറബിക്കടലിൽ പതിക്കുന്ന കാഴ്ചകാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം കാരണം ബീച്ചിലിറങ്ങാൻ സഞ്ചാരികൾ മടികാണിച്ചിരുന്നു. ഘട്ടംഘട്ടമായി പൊഴിക്കര ബീച്ച് സമ്പൂർണ ശുചിത്വ ബീച്ചാക്കി മാറ്റുമെന്ന് നഗരസഭ പ്രതിനിധികൾ അറിയിച്ചു.