വർക്കല: തെരുവുനായ്ക്കളുടെ വന്ധ്യംകരണം ചെയ്തുവരുന്ന ഡോഗ് ക്യാച്ചേഴ്സിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇലകമൺ, ആറ്റിങ്ങൽ, കിളിമാനൂർ, പേട്ട മൃഗാശുപത്രി, പാറശാല തുടങ്ങി 12ഓളം എ.ബി.സി സെന്ററുകളിലായി ജില്ലയിൽ 150ഓളം പേർക്ക് ജോലി ഉണ്ടായിരുന്നതിൽ പലർക്കും ജോലി നഷ്ടപ്പെട്ട സാഹചര്യമാണ്. കേരളത്തിൽ ആവശ്യത്തിന് ഡോഗ് ക്യാച്ചേഴ്സുണ്ടായിട്ടും കരാറടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കാവ പോലുള്ള സംഘടനയെ സർക്കാർ ചുമതലപ്പെടുത്തിയതോടെയാണ് തെരുവുനായ്ക്കളെ പിടികൂടാൻ അംഗീകൃത ലൈസൻസുള്ള ഇവർക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള പരാതി ഇക്കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രി ചിഞ്ചു റാണിക്ക് ഡോഗ് ക്യാച്ചേഴ്സ് ടീം നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ അനുഭാവപൂർവമായ സമീപനം കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടും നാളിതുവരെ നടപടികളുണ്ടായില്ല. വിനോദസഞ്ചാര മേഖലകളിലും സമീപപഞ്ചായത്തുകളിലുമായി സഞ്ചാരികൾക്കും നാട്ടുകാർക്കും തെരുവുനായ്‌ക്കൾ ഒരുപോലെ ഭീഷണിയായിട്ടും നായ്ക്കളെ പിടികൂടാനോ വാക്സിനേഷൻ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ജീവിതം വഴിമുട്ടി

തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ഒരു നായ്ക്ക് 300 രൂപയാണ് സർക്കാർ നൽകുന്നത്. വർഷം മുഴുവൻ ജോലി ലഭിക്കുമായിരുന്ന ഈ മേഖലയിലിപ്പോൾ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് ജോലിയുളളത്. ഇത് തങ്ങളുടെ കുടുംബം പുലർത്താൻപോലും പര്യാപ്തമല്ലെന്ന് ഡോഗ് ക്യാച്ചേഴ്സ് പരാതിപ്പെടുന്നു. കിണറ്റിൽ വീഴുന്നതും പേവിഷബാധയുള്ളതും അപകടം പറ്റിയതുമായ നായ്ക്കളുടെ കേസുകൾ മാത്രമാണ് ഇവർക്കിപ്പോൾ ലഭിക്കുന്നത്. നാട്ടുകാർ കൈയിൽ നൽകുന്ന പണമല്ലാതെ പഞ്ചായത്തിൽ നിന്നോ സർക്കാരിൽ നിന്നോ ഇത്തരം കേസുകൾക്ക് ഒന്നും ലഭിക്കാറില്ല.

തെരുവുനായ ശല്യം രൂക്ഷം

ടൗണുകളിലും ഉൾപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ബീച്ചുകളിലും ഇടറോഡുകളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും തെരുവുനായ്ക്കളെ ഭയന്നാണ് ജനങ്ങളുടെ യാത്ര. നായ്‌ക്കളുടെ പുനരധിവാസ കേന്ദ്രങ്ങളുടെയും വാക്സിനേഷൻ ഡ്രൈവുകളുടെയും അഭാവം വർക്കലയിൽ തെരുവുനായ്‌ക്കളുടെ ശല്യം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഒരു വർഷത്തോളമായി വർക്കലയിൽ വാക്സിനേഷൻ നടപടികൾ നടക്കുന്നില്ല.