പൂവാർ: കേരള സർക്കാർ ഫിഷറീസ് വകുപ്പിലൂടെ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന പഞ്ചമാസ സമ്പാദ്യ- ആശ്വാസ പദ്ധതി തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഓരോ വർഷവും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അംഗത്വമുള്ളവർ 500 രൂപ വീതം 1500 രൂപ അടയ്ക്കുകയും സംസ്ഥാന കേന്ദ്ര സർക്കാരുകൾ അതേ വിഹിതം നൽകി തിരികെ നൽകുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾ ദുരിതകാലത്തെ അതിജീവിക്കുന്നത് ഈ തുക ഉപയോഗിച്ചാണ്. വകുപ്പ് മന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവർക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ധനസഹായ വിതരണം വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി അടിമലത്തുറ.ഡി.ക്രിസ്തുദാസ് ആവശ്യപ്പെട്ടു.