
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായ ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. ഇന്നലെ വൈകിട്ട് നാലിന് ശ്രീലേഖയുടെ വഴുതക്കാട്ടെ ഈശ്വര വിലാസം റോഡിലുള്ള വീട്ടിലായിരുന്നു ചടങ്ങ്.
ശ്രീലേഖയെ ഷാൾ അണിയിച്ചശേഷം സുരേന്ദ്രൻ ബൊക്കെയും താമരപ്പൂവും നൽകി. തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു. പൊലീസിൽ നിരവധി പരിഷ്‌കാരങ്ങൾക്കു നേതൃത്വം നൽകിയ ധീരവനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രൻ പറഞ്ഞു. ശ്രീലേഖയുടെ അനുഭവസമ്പത്ത് ബി.ജെ.പിക്ക് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാഴ്ച മുൻപാണ് പാർട്ടിയിലേക്ക് ക്ഷണം വന്നതെന്ന് ശ്രീലേഖ പറഞ്ഞു. വിരമിച്ച ശേഷം കാര്യങ്ങളെ മാറിനിന്നു കാണാൻ തുടങ്ങിയപ്പോൾ ഇതാണുനല്ല വഴിയെന്നുതോന്നി. നരേന്ദ്ര മോദി പ്രഭാവമാണ് ബി.ജെ.പിയിലേക്ക് എത്തിച്ചതെന്നും അവർ പറഞ്ഞു.