തിരുവനന്തപുരം: സ്വന്തം വീടിനുള്ളിൽ സംസാരം പോലുമില്ലാതെ അന്യരെപോലെ കഴിയുന്ന ദമ്പതിമാരുടെ എണ്ണം വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി. ജവഹർ ബാലഭവനിൽ രണ്ട് ദിവസമായി നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു പി.സതിദേവി. 40ന് മുകളിൽ പ്രായമുള്ളവരുടെ ഇടയിലാണ് ഈ പ്രവണത കൂടുതൽ. കൗൺസിലിംഗിലൂടെ ഇത്തരം പ്രശ്നം പരിഹരിക്കാനാണ് വനിതാ കമ്മീഷൻ ശ്രമിക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്തശേഷം സ്ത്രീയെ ഉപേക്ഷിക്കുന്നത് സംബന്ധിച്ച കേസുകളും കൂടുതലാണ്. ആവശ്യം കഴിഞ്ഞശേഷം സ്ത്രീയെ ഉപേക്ഷിക്കുക മാത്രമല്ല, അവർക്കെതിരെ അപവാദ പ്രചരണവും നടത്തുന്നു. ദമ്പതിമാരുടെ വിവാഹേതര ബന്ധങ്ങൾ പല കുടുംബങ്ങളെയും ശിഥിലമാക്കുന്നുവെന്നും സതീദേവി പറഞ്ഞു. പി. സതീദേവിക്ക് പുറമെ വി.ആർ.മഹിളാമണി, പി.കുഞ്ഞായിഷ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കുര്യൻ, സബ് ഇൻസ്‌പെക്ടർ മിനുമോൾ, അഭിഭാഷകരായ രജിത റാണി, ഷൈനി റാണി, സൗമ്യ, കൗൺസിലർ കവിത എന്നിവർ പരാതികൾ കേട്ടു. രണ്ടുദിവസംകൊണ്ട് 325 കേസുകൾ പരിഗണിച്ചു. ഇതിൽ 68 കേസുകൾക്ക് പരിഹാരം കണ്ടു.