തിരുവനന്തപുരം: അപൂർവമായ മുറിൻ സൈഫസ് രോഗം ഭേദമാക്കി എസ്.പി മെഡിഫോർട്ട്.രോഗം ബാധിച്ച 75 കാരൻ എസ്.പി മെഡിഫോർട്ടിന്റെ ചികിത്സ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം ആശുപത്രി വിടുമെന്ന് ആശുപത്രി ചെയർമാൻ ഡോ.പി.അശോകൻ അറിയിച്ചു.കഴിഞ്ഞ 8നാണ് ഇയാൾ വിശപ്പില്ലായ്മയും തളർച്ചയും മൂലം ചികിത്സയ്ക്കെത്തുന്നത്.പരിശോധനയിൽ ശ്വാസതടസവും കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതും കണ്ടെത്തി.ചെയ്ത ടെസ്റ്റിൽ മറ്റ് രോഗലക്ഷണങ്ങളെല്ലാം നെഗറ്റീവായിരുന്നു.ഇതിനിടെ രോഗിയുടെ അവസ്ഥ കൂടുതൽ വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

രോഗനിർണയത്തിന് ഡോക്ടർമാരായ സുജീഷ്,ശബരി,അഭയ്,നീലിമ എന്നിവരടങ്ങുന്ന ക്രിട്ടിക്കൽ കെയർ ടീമും ഡോ.മനോരമ, ഡോ.സോനു എന്നീ ന്യൂറോളജി ടീമും നെഫ്രോളജിസ്റ്റ് ഡോ.വിദ്യ,കാർഡിയോളജിസ്റ്റ് ഡോ.ഷിഫാസ് ബാബു,ഫിസിഷ്യൻ ഡോ.ഫിലിപ്പ് ഉമ്മൻ തുടങ്ങി വിദഗ്ദ്ധരുടെ പാനലും രൂപീകരിച്ചു.

സമീപകാലത്ത് ഇദ്ദേഹം ഇക്വിറ്റോറിയൽ രാജ്യങ്ങൾ സന്ദർശിച്ചെന്ന് മനസിലാക്കിയ ചികിത്സാസംഘം ആ രാജ്യങ്ങളിലുള്ള പകർച്ചവ്യാധികളെയും അവിടെ കണ്ടുവരുന്ന രോഗങ്ങളെയും പറ്റി സമഗ്രമായ അന്വേഷണം ആരംഭിച്ചു. തുടർന്ന് നെക്സ്റ്റ് ജനറേഷൻ സീക്കൻസ് എന്ന ടെസ്റ്റിലൂടെയാണ് രോഗം തിരിച്ചറിഞ്ഞത്. കൂടുതൽ സ്ഥിരീകരണത്തിനായി ആന്റിബോഡി സി.എം.സി വെല്ലൂരിൽ അയച്ചു.ഗോൾഡ് സ്റ്റാൻഡേർഡ് ടെസ്റ്റ് നടത്തിയാണ് രോഗം ഉറപ്പിച്ചത്.