photo1

പാലോട്: ഓ‌ടുപൊളിച്ച് അകത്തുകടക്കും, ഭക്ഷണം ആവശ്യത്തിന് കഴിക്കും ബാക്കി തട്ടിക്കളയും തുണികൾ വാരിവലിച്ചിടും പിന്നെ കണ്ണിൽ കണ്ടെതെല്ലാം നശിപ്പിക്കും. പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർ കോളനി, എക്സ് കോളനി, ചിപ്പൻചിറ ദേശത്ത് കുരങ്ങുകൾ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇവ. കഴിഞ്ഞ ദിവസം ജവഹർ കോളനി പ്രിജി ഭവനിൽ പ്രിജിയുടെ വീട്ടിലുള്ളവർക്ക് ഒരുപൊടിപോലും ഭക്ഷണം കിട്ടിയില്ല. അവയെല്ലാം കുരങ്ങ് കൊണ്ടുപോയി. ഇനി വീടിന് പുറത്തിറങ്ങിയാലോ തേങ്ങയോ പച്ചക്കറിയോ ഉണ്ടെങ്കിൽ അതും നശിപ്പിക്കും. കൂട്ടാമായിഇറങ്ങുന്ന മൃഗങ്ങൾ കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. വനം വകുപ്പ് അധികാരികളെ നിരവധി തവണ അറിയിച്ചെങ്കിലും ഒരു പ്രാവശ്യം വന്ന് നോക്കിയതല്ലാതെ ഇവറ്റകളെ തുരത്താനുള്ള നടപടി മാത്രമില്ല. അധികാരികൾ അടിയന്തരമായി ഇടപെട്ട് ഒരു ഗ്രാമത്തിന്റെദുരിതമായ കുരങ്ങുകളെ പിടികൂടാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമരം ആരംഭിക്കാനാണ് തീരുമാനമെന്നും ഇവർ അറിയിച്ചു.