
ബിസിനസിലെ സർഗാത്‌മകതയും അന്തസ്സും ഇന്ത്യക്കാരെ ബോദ്ധ്യപ്പെടുത്തുകയും അനുഭവിപ്പിക്കുകയും ചെയ്ത ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായ രത്തൻ ടാറ്റ വിടവാങ്ങിയിരിക്കുന്നു. ആറ് ഭൂഖണ്ഡങ്ങളിലെ നൂറ് രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ആഗോള ഭീമനായി ടാറ്റ ഗ്രൂപ്പിനെ വളർത്തി വലുതാക്കിയതിന്റെ നേരവകാശിയായ കാരണവരായി ദീർഘകാലം കഴിഞ്ഞതിനിടയിൽ രാജ്യത്തിന്റെ ഘടനയെ രൂപപ്പെടുത്തുന്നതിലും അളവറ്റ സംഭാവനകൾ നൽകിയ അസാധാരണനായ ബിസിനസ് ബിംബമായിരുന്നു രത്തൻ ടാറ്റ.
നമ്മുടെ സമൂഹത്തെ വാചകമടിയിലൂടെയല്ലാതെ കരുത്തുറ്റ പ്രവർത്തനങ്ങളിലൂടെ മികച്ചതാക്കാനുള്ള അചഞ്ചലമായ നേതൃത്വവും പ്രതിബദ്ധതയും പുലർത്തിയിരുന്ന ടാറ്റ, തന്റെ ഗ്രൂപ്പിന്റെ ലാഭത്തിന്റെ 65 ശതമാനത്തിലധികം പണവും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിച്ചിരുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ വളരെ മന്ദഗതിയിലാണ് പുരോഗമിച്ചിരുന്നത്. സോഷ്യലിസത്തോടുള്ള അമിത ഭ്രമവും സ്വകാര്യ വ്യവസായങ്ങളോടുള്ള അപ്രിയവുമാണ് അതിനിടയാക്കിയത്. സ്വകാര്യ വ്യവസായികൾ നാടിനെയും ജനങ്ങളെയും ലാഭത്തിനുവേണ്ടി ചൂഷണം ചെയ്ത് സമൂഹത്തിന്റെ രക്തം ഊറ്റിക്കുടിച്ചാണ് വളരുന്നതെന്ന പ്രചാരണമാണ് സോഷ്യലിസമെന്ന മിഥ്യയെ പുൽകിയിരുന്നവർ പ്രചരിപ്പിച്ചിരുന്നത്. ലൈസൻസ് രാജ്, ദേശസാത്‌കരണം തുടങ്ങിയ ആയുധങ്ങളുമായി ഭരണാധികാരികൾ സ്വകാര്യ മേഖലയുടെ വളർച്ച തടയുകയും പൊതുമേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബിസിനസ് നടത്താനറിഞ്ഞുകൂടാത്ത ഉദ്യോഗസ്ഥ പ്രഭുക്കളാണ് സർക്കാരിനു വേണ്ടി വ്യവസായങ്ങളും വിമാന കമ്പനിയും മറ്റും നടത്തിയത്. നാൽപ്പതോളം വർഷങ്ങൾ പാഴായതിനു ശേഷം നരസിംഹറാവു പ്രധാനമന്ത്രിയായ തൊണ്ണൂറുകളിലെ തുടക്കത്തിലാണ് യാഥാർത്ഥ്യബോധത്തോടെയുള്ള ബിസിനസ് സമീപനങ്ങൾ ഇന്ത്യ സ്വീകരിച്ചുതുടങ്ങിയത്.
ജെ.ആർ.ഡി ടാറ്റ നല്ല നിലയിൽ നടത്തിക്കൊണ്ടിരുന്ന എയർ ഇന്ത്യ, പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അമ്പതുകളിൽ ദേശസാത്‌കരിക്കുകയും ഉദ്യോഗസ്ഥരെ നടത്താൻ ഏൽപ്പിക്കുകയും ചെയ്തത് മനുഷ്യരാശിയെ രക്ഷിക്കുന്ന മഹാസംഭവമായാണ് അന്നൊക്കെ ചിത്രീകരിക്കപ്പെട്ടിരുന്നത്. നാല് ദശകത്തിനു ശേഷം കോടികളുടെ കടബാദ്ധ്യതയിൽ മുങ്ങിയ അതേ സ്ഥാപനം ടാറ്റ ഗ്രൂപ്പിന്റെ കരങ്ങളിലേക്കുതന്നെ ടെൻഡറിലൂടെ തിരിച്ചുവന്നത് ചരിത്രത്തിന്റെ കാവ്യനീതിയായിത്തന്നെ കരുതണം. 2021 ഒക്ടോബറിൽ എയർ ഇന്ത്യ തിരിച്ചുകിട്ടിയപ്പോൾ രത്തൻ ടാറ്റ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു: ''എയർ ഇന്ത്യയുടെ മടങ്ങിവരവിന് സ്വാഗതം. ഒരു കാലത്ത് ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട എയർലൈനുകളിൽ ഒന്നായിരുന്നു ഇത്. ആ പഴയ കാലത്തെ അന്തസ് വീണ്ടെടുക്കാൻ ടാറ്റാ കമ്പനിക്ക് വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുകയാണ്. ജെ.ആർ.ഡി ടാറ്റ നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ അത്യധികം സന്തോഷിക്കുമായിരുന്നു.""
സാമ്പത്തികമായ ദിശയിൽ ഇന്ത്യ മാറാൻ തുടങ്ങിയ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രത്തൻ ടാറ്റ ബിസിനസ് ഗ്രൂപ്പിന്റെ ചെയർമാനാകുന്നത്. തുടർന്ന് ഇരുപത്തിയൊന്ന് വർഷം അദ്ദേഹം ഗ്രൂപ്പിനെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിന്റെ വരുമാനം 40 മടങ്ങാണ് വർദ്ധിച്ചത്. 1991 മുതൽ 2012 വരെയാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നത്. നടപ്പുവർഷം ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 15 ലക്ഷം കോടി രൂപയാണ്. പത്തുലക്ഷം ജീവനക്കാരാണ് ലോകമെമ്പാടുമുള്ളത്. ഐ.ടി, ഹോട്ടൽ, ടൂറിസം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, ഉരുക്ക്, ഓട്ടോമൊബൈൽ, വൈദ്യുതി തുടങ്ങി വിവിധ മേഖലകളിൽ മുപ്പതിലേറെ കമ്പനികളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ ലോകമാണ് രത്തൻ ടാറ്റ പടുത്തുയർത്തിയത്. ഡിജിറ്റൽ ബിസിനസ് ലോകത്ത് ആഗോള സാന്നിദ്ധ്യമുള്ള കമ്പനിയായി ടാറ്റ കൺസൾട്ടൻസിയെ വളർത്താനും രത്തൻ ടാറ്റയ്ക്ക് കഴിഞ്ഞു. ജാഗ്വാർ ലാൻഡ് റോവർ വാങ്ങൽ, ടാറ്റാ സ്റ്റീൽ കോറസ് ഏറ്റെടുക്കൽ തുടങ്ങിയ പ്രധാന ഏറ്റെടുക്കലുകൾക്ക് ചുക്കാൻ പിടിച്ചത് രത്തൻ ടാറ്റയാണ്. 1961-ൽ ടാറ്റാ സ്റ്റീലിലാണ് രത്തൻ ടാറ്റ കരിയർ തുടങ്ങിയത്. ബ്ലാസ്റ്റ് ഫർണസ് നിയന്ത്രിക്കുക, ചുണ്ണാമ്പുകല്ല് എത്തിക്കുക തുടങ്ങിയ ചെറിയ ജോലികളിൽ വരെ അദ്ദേഹം നേരിട്ട് പങ്കാളിയായി. അമേരിക്കയിലെ വമ്പൻ കമ്പനിയായ ഐ.ബി.എസിൽ ലഭിച്ച മികച്ച ഓഫർ വേണ്ടെന്നുവച്ചാണ് യു.എസിലെ പഠനത്തിനുശേഷം അദ്ദേഹം കുടുംബ ബിസിനസിൽ ചേർന്നത്.
1937ലായിരുന്നു ജനനം. മരണമടയുമ്പോൾ 86 വയസായിരുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജാം സേട്ട്‌ജി ടാറ്റയുടെ ചെറുമകനായിരുന്നു. 1948-ൽ മാതാപിതാക്കളെ നഷ്ടമായ ശേഷം മുത്തശ്ശി നവജ്‌ബായി ടാറ്റയാണ് അദ്ദേഹത്തെ വളർത്തിയത്. മുംബയിലെയും ഷിംലയിലെയും പഠനത്തിനു ശേഷം അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്‌ചറിൽ ബിരുദം നേടി. ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് മാനേജ്‌മെന്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മനുഷ്യസ്നേഹിയായ വ്യവസായികളിൽ മുൻപന്തിയിലായിരുന്നു രത്തൻ ടാറ്റയുടെ സ്ഥാനം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലും വിദേശത്തും കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. കൊവിഡ് പ്രതിസന്ധി നേരിടാൻ സർക്കാരിന് ഏറ്റവും ഉയർന്ന തുകയായ 1500 കോടി രൂപ സംഭാവന ചെയ്തതും ടാറ്റ ഗ്രൂപ്പായിരുന്നു. ടാറ്റ തുടങ്ങിവച്ച വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികവുറ്റ സ്ഥാപനങ്ങളായി ഇന്നും മുന്നോട്ടു പോകുന്നു. 2012-ൽ എഴുപത്തിയഞ്ചാം വയസിൽ ടാറ്റാ സാമ്രാജ്യത്തിന്റെ തലപ്പത്തുനിന്ന് സ്വമേധയാ പടിയിറങ്ങിയ അദ്ദേഹത്തിന് നാലുവർഷത്തിനുശേഷം ഒരു മടങ്ങിവരവ് വേണ്ടിവന്നു. ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയെ പുറത്താക്കാനായിരുന്നു അത്. തുടർന്ന് കുറച്ചുനാൾ ഇടക്കാല ചെയർമാനായി തുടർന്നു. ടി.സി.എസിന്റെ എം.ഡി എൻ. ചന്ദ്രശേഖരനെ ടാറ്റാ ഗ്രൂപ്പിന്റെ പുതിയ ചെയർമാനായി അവരോധിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സാധാരണക്കാർക്കും വാങ്ങാനാവുന്ന ഒരു കാർ എന്ന ആശയത്തിനു പിന്നാലെ പോയാണ് അദ്ദേഹം നാനോ കാറുകളുടെ നിർമ്മാണത്തിന് തുടക്കമിട്ടത്. വിരമിച്ച ശേഷം ശാന്തമായ വിശ്രമജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. മൃഗസ്നേഹിയായിരുന്നു. മുംബയിലെ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്നതിന് ടാറ്റ ഗ്രൂപ്പ് ഒരു പദ്ധതി തന്നെ ആവിഷ്കരിച്ചു നടപ്പാക്കി. ടിറ്റോ, മാക്‌സിമസ് എന്നീ രണ്ട് വളർത്തുനായ്‌ക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. ലൈസൻസ് നേടിയ ഒരു പൈലറ്റ് കൂടിയായിരുന്നു അദ്ദേഹം. 2007ൽ എഫ് 16 ഫാൽക്കൺ പറത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും അദ്ദേഹം നേടി. വിരമിച്ച ശേഷം ചെറുതും വലുതുമായ ഒട്ടേറെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപങ്ങൾ നടത്തിക്കൊണ്ട്, ഉയർന്നുവരുന്ന ചെറുപ്പക്കാരായ ഒട്ടേറെ സംരംഭകരെ സഹായിക്കാൻ താത്‌പര്യം കാട്ടിയിരുന്നു. വിശ്വസ്തതയും അന്തസും കുലീനമായ തറവാടിത്തവുമായിരുന്നു രത്തൻ ടാറ്റയുടെ മുഖമുദ്ര. ഭൂമിയിൽ പ്രകാശിച്ചിരുന്ന ആ വ്യവസായ നക്ഷത്രം പൊലിഞ്ഞെങ്കിലും അതു പകർന്ന വെളിച്ചവും ഊർജ്ജവും നൂറ്റാണ്ടുകളോളം നിലനിൽക്കുക തന്നെ ചെയ്യും.