പാലോട്: ഞായറാഴ്ച വേറിട്ടൊരു ഓണാഘോഷം സംഘടിപ്പിക്കുന്നതിന്റെ തിമിർപ്പിലാണ് ചെല്ലഞ്ചി. നന്ദിയോട്, പനവൂർ പഞ്ചായത്തുകളുടെ അതിർത്തിയായ ചെല്ലഞ്ചിയിലെ 28-ാം ഓണം വെള്ളത്തിലാണ്.

ചെല്ലഞ്ചിയിലെ കൊയ്തൊഴിഞ്ഞ പാടത്ത് നിറച്ച വെള്ളത്തിലും ചെളിയിലുമാണ് ഇവിടുത്തുകാരുടെ ഓണം. ഓട്ടമത്സരം,വടംവലി,വടത്തിൽ കയറ്റം,കാൽപ്പന്തുകളി...തുടങ്ങിയ ഓണക്കളികളെല്ലാം നടക്കുന്നത് കരയിലല്ല, വെള്ളത്തിലാണ്.

ഓണക്കൊയ്ത്ത് കഴിഞ്ഞ നാലഞ്ച് വയലുകൾ ചേർത്ത് വെള്ളം കെട്ടിനിറുത്തും.എന്നിട്ട് ഒന്നുകൂടി ഉഴുതുമറിക്കും. പിന്നീട് അതിലാണ് ഒരു നാടിന്റെ ആവേശപ്പോരാട്ടം. മത്സരത്തിന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളെത്തുന്നത്.

നാലടി പൊക്കത്തിൽ കെട്ടിനിറുത്തിയ വെള്ളത്തിൽ തെന്നി വീണും ശരീരമാകെ ചെളി പുരണ്ടും ചെളിക്കോലങ്ങളായാണ് മിക്കവരും കളം വിടുന്നത്.100 മീറ്റർ പൊക്കത്തിൽ വലിച്ചുകെട്ടിയ വടത്തിൽ തൂങ്ങി വീഴാതെ മറുകരയെത്തുന്ന മത്സരത്തിനാണ് കാഴ്ചക്കാരേറെ. മത്സരങ്ങൾക്ക് ആൺ പെൺ ഭേദമില്ല. അവസാന ഇനമായാണ് വെള്ളത്തിലെ വടംവലി മത്സരം. ഇരുപതോളം ടീമുകളാണ് വടംവലിക്കായി എത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതലാണ് ആവേശപ്പോരാട്ടം അരങ്ങേറുന്നത്. നവചേതന ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് ചെല്ലഞ്ചിയാണ് സംഘാടകർ.