
നെയ്യാറ്റിൻകര : സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊന്ന് മൃതദേഹം വീട്ടിൽ ഒളിപ്പിച്ചുവച്ച ശേഷം പുരയിടത്തിൽ തള്ളി തെളിവ് നശിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും 2ലക്ഷം രൂപ പിഴയും.
ചെങ്കൽ കീഴ്കൊല്ല കുഴിച്ചാണി അശ്വതി ഭവനിൽ ജോണി (53) നെയാണ് ഇരട്ട ജീവപര്യന്തം കഠിന തടവിനും 2 ലക്ഷം രൂപ പിഴയും നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. ചെങ്കൽ കീഴ്കൊല്ല തൃക്കണ്ണപുരം, പുല്ലുവിള പുത്തൻ വീട്ടിൽ തോമസ് (43) ആണ് കൊല്ലപ്പെട്ടത്. ജോണി ,തോമസിനോട് മുൻവിരോധത്തിലായിരുന്നു. ക്രിമിനലായ ജോണി, സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് വിലക്കിയിരുന്നു. 2021 ജൂൺ 23 ന് രാത്രി വട്ടവിള മുത്തൂസ് ഹോട്ടലിനു മുൻവശം വച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം. പ്രതി ജോണി ,തോമസിനെ പിടിച്ചു തള്ളുകയും കളിയാക്കുകയും ചെയ്തിരുന്നു. ശേഷം വീട്ടിലേക്കു മടങ്ങാൻ ഒരുങ്ങിയ തോമസിനെ ജോണി നിർബന്ധിച്ച് ബൈക്കിൽ കയറ്റി പ്രതി താമസിക്കുന്ന അശ്വതിഭവന്റെ ഹാളിൽ ബലമായി കൊണ്ടുചെന്ന് എത്തിച്ചു. അതിനുശേഷം ഇടിച്ചും, ചവിട്ടിയും തള്ളിയിട്ടും, ഒരു പാറകൊണ്ട് തോമസിന്റെ നെഞ്ചിൽ ഇടിച്ചു എട്ടു വാരിയെല്ലുകൾ പൊട്ടിച്ചും, തല കട്ടിലിന്റെ കാലിൽ ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. മുന്തിയ ഇനം നായ്ക്കളെ വളർത്തി വിൽക്കുന്നയാളാണ് ജോണി. ഭാര്യയും മക്കളും 9 വർഷമായി പിണങ്ങി പോയിരുന്നു. മൃതദേഹം മറവു ചെയ്യുന്നതിനായി ,തന്റെ പട്ടികളിൽ ഒരെണ്ണം ചത്തു പോയെന്നും കുഴി എടുക്കുന്നതിനായി പ്രതി അയൽവാസികളിൽ ചിലരെ വിളിച്ചിരുന്നെങ്കിലും നാട്ടുകാരൻ പോയില്ല. തുടർന്ന് പിറ്റേന്ന് രാത്രി വരെയും തോമസിന്റെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ചിരുന്നു. 2021 ജൂൺ 24 ന് രാത്രി തോമസിന്റെ മൃതദേഹം വീടിനു പുറത്തു കോമ്പൗണ്ട് മതിലിനോടു ചേർത്ത് ചാരിക്കിടത്തി. നെയ്യാറ്റിൻകര ടയർ കട തൊഴിലാളി നിജിൻ തോമസിന്റെ ബോഡി കണ്ടിരുന്നു. തോമസിന്റെ മൃതശരീരം അടുത്തുള്ള രാജന്റെ പുരയിടത്തിലെ വഴിയിൽ കൊണ്ടുചെന്ന് കമഴ്ത്തിക്കിടത്തിയ ശേഷം വീട്ടിലെ രക്തവും മറ്റും കഴുകിയും തുടച്ചുമാറ്റിയും പ്രതി ജോണി തെളിവ് നശിപ്പിച്ചിരുന്നു. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് . തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പ്രതി കൃത്യ ദിവസം തന്റെ സഹോദരനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകിയിരുന്നു. പ്രതിയുടെ രണ്ടു സഹോദരങ്ങൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. തോമസിന്റെ മാതാവ് വിൽമെറ്റ് വൃദ്ധയും രോഗിയും അവശയും ആണെന്ന് കാണിച്ച് ഈ കേസിൽ വളരെവേഗം വിധി ഉണ്ടാകാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാറശ്ശാല സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ കൂടുതൽ അന്വേഷണം സർക്കിൾ ഇൻസ്‌പെക്ടർമാരായ ഇ.കെ.സോൾജിമോൻ, എം.ആർ.മൃദുൽ കുമാർ, ടി.സതികുമാർ എന്നിവർ നടത്തി . പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.
ഫോട്ടോ : പ്രതി ജോണി