assembly

സ്വൈരക്കേടുണ്ടാക്കുന്നതേ പറയൂവെന്നായാൽ എന്തുചെയ്യും. മാത്യു കുഴൽനാടന് സ്പീക്കർ ഷംസീർ പേരിട്ടു,​ ഔട്ട് ഒഫ് സിലബസിന് പഠിക്കുന്നകുട്ടി.

മുഖ്യമന്ത്രി പിണറായി വിജയനാണ് കുഴൽനാടന്റെ ഇഷ്ടപ്പെട്ട ഔട്ട് ഒഫ് സിലബസ്. അതുകൊണ്ട് തന്നെ കുഴൽനാടനെ ഔട്ടാക്കാൻ സ്പീക്കർ മൈക്ക് ഓഫ് ചെയ്യും. ഇന്നലെ നടന്നതും അതുതന്നെ. അങ്ങ് ഈ മൈക്കൊക്കെ കൊണ്ടുപോയി എന്തു ചെയ്യാനെന്നായിരുന്നു കുഴൽനാടന്റെ നിഷ്കളങ്ക സംശയം.

സഖാവ് പുഷ്പനെ സഭയിൽ സ്മരിച്ചാണ് ഇന്നലെ കുഴൽനാടൻ സിലബസ് വിട്ടത്. പണ്ട് തങ്ങൾ പാടിനടന്ന,​ രക്തസാക്ഷികളെ വാഴ്ത്തുന്ന 'നേരിന് വേണ്ടി, നിതാന്ത ആദർശവേരിന് വേണ്ടി വെള്ളവും വളവും നൽകിയവർ..." എന്ന വിപ്ളവഗാനവും പാടി കുഴൽനാടൽ തുടങ്ങിയപ്പോഴേ സഖാക്കൾക്ക് പോക്കെങ്ങോട്ടെന്ന് കത്തി. സ്വാശ്രയ കോളേജിനെതിരെ സമരം നടത്തിയ പുഷ്പനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയിട്ട് മുഖ്യമന്ത്രി രണ്ടു മക്കളേയും സ്വാശ്രയകോളേജിലേക്ക് അയച്ചില്ലേ?​,​ അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജിന്റെ ചെയർമാനായില്ലേ?​... ഇങ്ങനെയൊക്കെ ചോദിച്ചാൽ ഔട്ട് ഒഫ് സിലബസ് എന്നല്ലാതെ പിന്നെന്തു വിളിക്കും.

പുഷ്പൻ കൂത്തുപറമ്പിൽ നടത്തിയത് സ്വാശ്രയകോളേജ് വിരുദ്ധ സമരമല്ല. തൊഴിലില്ലായ്മയ്ക്കും സ്വകാര്യവത്‌കരണത്തിനും എതിരെയാണെന്ന് ന്യായീകരിക്കാൻ അഴീക്കോട് എം.എൽ.എ സുമേഷ് ഇതിനിടെ ശ്രമിച്ചത് ദയനീയ വിലാപമായി. ബില്ലിന്റെ ചർച്ച ഔട്ട് ഒഫ് സിലബസിലേക്ക് പോകരുതെന്ന ചട്ടം ഓർമ്മിപ്പിച്ച് കുഴൽനാടനെ പിടിച്ചുകെട്ടാൻ മന്ത്രി രാജീവ് ശ്രമിച്ചിട്ടും നടന്നില്ല. ഔട്ട് ഒഫ് സിലബസ് കീഴ്വഴക്കമാക്കിയത് സി.പി.എമ്മാണെന്ന് പറഞ്ഞ് തിരുവഞ്ചർ രാധാകൃഷ്ണൻ കുഴൽനാടനെ പിന്തുണച്ചതോടെ മന്ത്രി ഇരുന്നു.

സി.പി.എം ചെയ്യുന്നതെല്ലാം ശരിയാണെന്ന് നിങ്ങൾ പറഞ്ഞാൽ അംഗീകരിക്കാമെന്ന് ചെയർ നിയന്ത്രിച്ചിരുന്ന ടി.ഐ. മധുസൂദനൻ പറഞ്ഞത് കൂടുതൽ പന്തികേടായി. പുഷ്പൻ മരിച്ചിട്ടും സഭയിൽ അദ്ദേഹത്തിന്റെ പേരെങ്കിലും ഒന്നുപറയാൻ കോൺഗ്രസുകാരനായ താനേ ഉണ്ടായുള്ളൂ. നിങ്ങളെല്ലാം മറന്നില്ലേ പുഷ്പനെയെന്ന് പറഞ്ഞ് കുഴൽനാടൻ ചങ്കിൽ കുത്തി.

ഇനിയാരെങ്കിലും പറയാനുണ്ടോ... എനിബഡി എൽസ്?എന്നെല്ലാം ഭരണപക്ഷ ബെഞ്ചിലേക്ക് നോക്കി വെല്ലുവിളിച്ചതോടെ ഒരുവേള ചെയർ നിയന്ത്രിക്കുന്നത് പോലും കുഴൽനാടനാണോ എന്ന പ്രതീതിയുമുണ്ടായി. ഇത് മന്ത്രി എം.ബി.രാജേഷ് ചൂണ്ടിക്കാട്ടിയപ്പോൾ,​ കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ് സ്പീക്കർ ചെയറിലേക്ക് ഓടിയെത്തുന്നതും കണ്ടു.

ഇന്നലെ മൊത്തത്തിൽ നല്ല ദിനമായിരുന്നില്ല ഭരണപക്ഷത്തിന്. രാവിലെ തൊഴിലില്ലായ്മയാണ് പ്രതിപക്ഷം ഉന്നയിച്ചത്. അതിൽ വലിയ കാര്യമില്ല. തൊഴിൽ കൊടുക്കുന്നതിൽ കേരളം ഒന്നാമതാണെന്ന് കേന്ദ്രം പോലും സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ അഭാവത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഊറ്റം കൊണ്ടു. തൊട്ടു പിറകേ വന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കൂരമ്പ്. ഒന്നാംസ്ഥാനത്തിന്റെ കഥ കുറേ കേട്ടിട്ടുണ്ട്. അത് മാറ്റിവച്ച് ലേബർ ഇക്കോണമിയും ലേബർ ഡിമാൻഡ് ഫംഗ്ഷനുമൊക്കെ പഠിച്ച് നാട് നന്നാക്കാൻ നോക്കൂ... സതീശൻ കസറുന്നത് വിനീതരായി കേട്ടിരിക്കാനേ മന്ത്രിമാർക്കുൾപ്പെടെ കഴിഞ്ഞുള്ളു. സമയം കൂടുന്നെന്ന് ഓർമ്മിപ്പിച്ച് തടയിടാൻ സ്പീക്കർ ശ്രമിച്ചു നോക്കിയെന്നു മാത്രം.

ചാണ്ടി ഉമ്മൻ നാഷണൽ ഹൈവേ അതോറിട്ടിയുടെ അഭിഭാഷക പാനലിലെത്തിയത് ആർ.എസ്.എസ് ബന്ധമാണെന്ന് ആരോപിച്ച എ.സി.മൊയ്തീനും ഫലിപ്പിക്കാനായില്ല. രാഷ്ട്രീയമറിയാതെയായിരുന്നു നിയമനം. രാഷ്ട്രീയമറിഞ്ഞപ്പോൾ അവർ തന്നെ പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചതോടെ മൊയ്തീന്റെ ലക്ഷ്യം ചീറ്റിപ്പോയി.