
ശിവഗിരി: ഗുരുദേവൻ രചിച്ച അറിവ് എന്ന കൃതി ലോക സാഹിത്യത്തിൽ ആരേയും ആശ്ചര്യപ്പെടുത്തുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ
പറഞ്ഞു.
15 പദ്യങ്ങളിലായി 70 പ്രാവശ്യം അറിവെന്ന പദം പ്രയോഗിച്ചിരിക്കുന്നു. അറിവിൽ എല്ലാം അടങ്ങുമെന്ന് ഗുരുദേവൻ ഉപദേശിക്കുന്നു. ഗുരുദേവൻ ഉപദേശിച്ച തത്വ ദർശനത്തിനടിസ്ഥാനം അറിവാണ്. ശിവഗിരിയിൽ ശ്രീശാരദാദേവിയെ പ്രതിഷ്ഠിച്ചത് അറിവിന്റെ ദേവതാസങ്കല്പത്തിലാണെന്നും ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തിൽ ഇന്നലെ പരിപാടികൾക്കു തുടക്കം കുറിച്ച് നവരാത്രി ദീപം പകർന്ന് അദ്ദേഹം പറഞ്ഞു.അറിവിനെ ബ്രഹ്മമായി കണ്ടുകൊണ്ടായിരുന്നു ഗുരുദേവൻ സത്യദർശനം അവതരിപ്പിച്ചത്. സത്, ചിത്, ആനന്ദം എന്ന സച്ചിദാനന്ദ തത്വത്തിൽ എല്ലാറ്റിനും അടിസ്ഥാനം ജ്ഞാനമാണ്. ഒരേ ഒരു അറിവ് പലതായി പ്രകാശിക്കുകയാണ്. ഗുരുദേവൻ വെളിപ്പെടുത്തുന്ന ദൈവസത്യം ഏകമാണെന്നും സ്വാമി പറഞ്ഞു.
ശബരിമല, മാളികപ്പുറം മേൽശാന്തി:
നറുക്കെടുക്കാൻ ഋഷികേശും വൈഷ്ണവിയും
പന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ്മയെയും വൈഷ്ണവിയെയും നിയോഗിച്ചു. മുൻരാജപ്രതിനിധി പന്തളം നടുവിലെ മാളികകൊട്ടാരത്തിൽ പ്രദീപ്കുമാർ വർമ്മയുടെ മകൾ പൂർണവർമ്മയുടെയും ഗിരീഷ് വിക്രമിന്റെയും മകനായ ഋഷികേശ് വർമ്മയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുക്കുന്നത്. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുന്റെയും പ്രീതയുടെയും മകൾ വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കും. 16ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയ്ക്കു മുന്നിൽ വച്ച് ഇരുമുടിക്കെട്ടു നിറച്ച് വലിയകോയിക്കൽ ക്ഷേത്രദർശനശേഷം കൊട്ടാരം നിർവാഹകസംഘം പ്രതിനിധികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇരുവരും ശബരിമലയ്ക്ക് പുറപ്പെടും. 17നാണ് നറുക്കെടുപ്പ്.
ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തരംമാറ്റാൻ അനുമതി: മന്ത്രി രാജൻ
തിരുവനന്തപുരം : കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയതുമായ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി തരംമാറ്റുന്നതിന് ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിബന്ധനകളോടെ അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ഇതിനായി നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. 50 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമി തരംമാറ്റുന്നതിന് ഫോറം 6ലും 50സെന്റിന് മുകളിൽ വിസ്തൃതിയുള്ള ഭൂമി തരംമാറ്റുന്നതിന് ഫോറം 7 ലുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ അനുവദിക്കുന്ന പക്ഷം നിർണയിക്കപ്പെടാവുന്ന പ്രകാരമുള്ള നിരക്കിൽ ഫീസ് നൽകണം. ഇതോടൊപ്പം ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷകൾ ഫോറം 5ൽ നൽകണമെന്നും മന്ത്രി അറിയിച്ചു.