tata

തിരുവനന്തപുരം: രത്തൻ ടാറ്റയുടെ നിര്യാണം രാജ്യത്തിനാകെയും വ്യവസായലോകത്തിനും തീരാനഷ്ടമാണെന്ന് ഐ.ബി.എസ് സോഫ്റ്റ്‌വെയർ എക്‌സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്. രാജ്യത്തിന്റെ സാമൂഹികസാമ്പത്തിക പുരോഗതിക്കായി സമർപ്പിതജീവിതം നയിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്നും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ ചെയർമാൻ കൂടിയായ വി.കെ.മാത്യൂസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഒരിക്കൽ ന്യൂയോർക്കിൽ വച്ച് രത്തൻ ടാറ്റയുമൊന്നിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഹോട്ടലായ താജിൽ പ്രഭാതഭക്ഷണം കഴിച്ച അനുഭവവും വി.കെ.മാത്യൂസ് പങ്കുവച്ചു. ഹോട്ടലിലെ ഒരു ജീവനക്കാരനോടു പോലും താനാരെന്ന് അദ്ദേഹം അറിയിച്ചില്ല. ഭക്ഷണത്തിന്റെ പണം സ്വന്തം ക്രെഡിറ്റ് കാർഡിൽ നിന്ന് നേരിട്ട് നൽകുന്ന ലോകത്തിലെ മുൻനിര വ്യവസായപ്രമുഖനായിരുന്നു അദ്ദേഹം.