
പാറശാല: റഷ്യൻ സംഘടനയായ റോസാറ്റം മോസ്കോയിൽ സംഘടിപ്പിച്ച റൊസാറ്റം സ്റ്റേറ്റ് കോ-ഓപ്പറേഷൻ കിഡ്സ് ക്യാമ്പിൽ പങ്കെടുത്ത ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ സ്വർണ മെഡൽ നേടി. സായികൃഷ്ണാ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജന എസ്.പി, ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭേദ് എസ്.നായർ എന്നിവരാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. പ്രതിഭകളെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർട്ടിഫിക്കറ്റുകളും മൊമെന്റോകളും നൽകി സ്വീകരിച്ചു. രാജ്ഭവനിൽ നടന്ന പ്രത്യേക അനുമോദന യോഗത്തിൽ സ്കൂൾ എം.ഡി എസ്.രാജശേഖരൻ നായർ, മാനേജർ മോഹന കുമാരൻ നായർ, അക്കാഡമിക്ക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ, പ്രിൻസിപ്പൽ രേണുക, അദ്ധ്യാപിക രശ്മി എന്നിവർ പങ്കെടുത്തു. റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ നടന്ന ക്യാമ്പിൽ ലോകത്തിലെ11 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.