കാട്ടാക്കട: സസ്‌പെൻഷനിലായിരുന്ന റേഞ്ച് ഓഫീസർ കോടതി ഉത്തരവുണ്ടെന്ന് കാട്ടി തിരികെ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച കേസിൽ കാട്ടാക്കട പൊലീസ് കേസെടുത്തു.ഡ്യൂട്ടി തടസപ്പെടുത്തിയതിനാണ് സസ്പെൻഷനിലായിരുന്ന എൽ.സുധീഷ് കുമാറിനെതിരെ കേസെടുത്തത്. കോടതിയിൽ നിന്ന് ഇയാൾ ജാമ്യമെടുത്തില്ലെങ്കിൽ കാട്ടാക്കട പൊലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് കാട്ടാക്കട എസ്.എച്ച്.ഒ അറിയിച്ചു.

പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിൽ കുറേക്കാലം റേഞ്ച് ഓഫീസറായിരുന്ന എൽ.സുധീഷ് കുമാറാണ് ബുധനാഴ്ച രാവിലെ 11ഓടെ റേഞ്ച് ഓഫീസറുടെ കസേരയിൽ അതിക്രമിച്ച് കയറിയിരുന്നത്.നിലവിലെ റേഞ്ച് ഓഫീസർ എസ്.ശ്രീജുവിന്റെ നെയിം ബോർഡ് ഇളക്കി മാറ്റി സുധീഷിന്റെ ബോർഡ‌് സ്ഥാപിക്കുകയും ചെയ്തു.എസ്.ശ്രീജു ഡി.എഫ്.ഒ അനിൽ ആന്റണി വിളിച്ചുചേർത്ത റേഞ്ച് ഓഫീസറുടെ മീറ്റംഗ് സമയത്തായിരുന്നു അതിക്രമം.

തിരികെയെത്തിയ ശ്രീജു ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം കാട്ടാക്കട പൊലീസിൽ പരാതി നൽകി. തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പിന്മാറാൻ സുധീഷ് കുമാർ തയ്യാറായില്ല.

ജോലിയിൽ പ്രവേശിക്കാനുള്ള മേലധികാരികളുടെ ഉത്തരവില്ലാതെ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് സുധീഷ് കുമാർ മടങ്ങിയത്.റേഞ്ച് ഓഫീസർ നൽകിയ റിപ്പോർട്ട് ഫോറസ്റ്റ് എ.സി.സി.എഫിന് കൈമാറിയിട്ടുണ്ടെന്നും അതിൽ വൈകാതെ നടപടിയുണ്ടാകുമെന്നും ഡി.എഫ്.ഒ അനിൽ ആന്റണി പറഞ്ഞു.അതേസമയം ഉന്നത ബന്ധമുള്ള സുധീഷ് കുമാർ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.ജോലിയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുധീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്.