s

തിരുവനന്തപുരം: അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്ട്രോ ഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്‌ഹെൽത്ത്. പുതിയ ഇലക്ട്രോ ഫിസിയോളജി ലാബിന്റെ ഉദ്ഘാടനം ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു.
എൻജിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തിൽ രോഗനിർണയത്തിലും ചികിത്സയിലും മെഷീൻ ലേണിംഗിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും തത്വങ്ങൾ പ്രയോഗിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഡോ. എസ്. സോമനാഥ് പറഞ്ഞു.

ഹൃദയത്തിന്റെ വൈദ്യുത പ്രവർനത്തെയും ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത പ്രവാഹങ്ങളെയും പറ്റിയുള്ള കാർഡിയോളജിയിലെ ഒരു പഠന മേഖലയാണ് കാർഡിയാക് ഇലക്ട്രോഫിസിയോളജി (ഇപി). ക്രമം തെറ്റിയ ഹൃദയമിടിപ്പ് കണ്ടുപിടിക്കാനും അത് ചികിത്സിക്കുവാനും ഇലക്ട്രോഫിസിയോളജി പഠനം സഹായിക്കും. രക്തക്കുഴലുകൾ വഴി കത്തീറ്ററുകളും വയർ ഇലക്ട്രോഡുകളും ഹൃദയത്തിലേക്കെത്തിച്ചാണ് ഈ പരിശോധനകൾ നടത്തുക.

ഇലക്ട്രോഫിസിയോളജി വിഭാഗം ആൻഡ് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക് സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദീൻ വിശദീകരണം നടത്തി. ​ കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അദ്ധ്യക്ഷനായി. ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വരുൺ ഖന്ന,​ കിംസ്‌ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ്, ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് കുമാർ വി.കെ എന്നിവർ സംസാരിച്ചു.