
തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനംവകുപ്പ് മുഖേന വില്പന നടത്തുന്നതിന് ഉടമകൾക്ക് അവകാശം നൽകികൊണ്ടുള്ള കരട് ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും വിൽക്കാൻ വ്യവസ്ഥയില്ല. ചന്ദനമരം മോഷണം പോയാൽ സ്ഥലമുടമയ്ക്കെതിരെ കേസെമെടുക്കും.
ഈ അവസ്ഥമാറ്റി ചന്ദനമരം വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകൾക്ക് വൻതുക വരുമാനം ഉണ്ടാക്കുന്നതിനും മോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. നിയമസഭ പാസാക്കിയാലുടൻ നിയമം പ്രാബല്യത്തിൽ വരും.
ഉടമകൾ വിൽക്കുന്ന ചന്ദനമരങ്ങൾ സൂക്ഷിക്കുന്നതിന് ജില്ലകളിൽ ചന്ദനഡിപ്പോകൾ സ്ഥാപിക്കും. ഇപ്പോൾ മറയൂരിൽ മാത്രമാണുള്ളത്. എന്നാൽ, പട്ടയ വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് റിസർവ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിച്ച് വില്പന നടത്താൻ അനുമതിയില്ല. ഇതിന് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യു നിയമങ്ങളും നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 2010ലാണ് ചന്ദനമരങ്ങൾ മുറിക്കുന്നത് പാടെ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ വന്നത്.
പിഴത്തുകകൾ വർദ്ധിപ്പിക്കും
വനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള പിഴയ്ക്ക് തുല്യമായ ഒരു തുക അടച്ച് കുറ്റം രാജിയാക്കാൻ നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും
വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കൽ, വന്യമൃഗങ്ങളെ ശല്യപ്പെടുത്തൽ, ജലാശയങ്ങളിൽ വിഷം ചേർത്തും മറ്റുവിധത്തിലും അനധികൃതമായി മത്സ്യം പിടിക്കൽ എന്നിവ തടയും
വനം ഉത്പന്നങ്ങൾ കൈവശം വയ്ക്കുന്നവർക്ക് അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകും
വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്ന പിഴത്തുകകൾ വർദ്ധിപ്പിക്കും. അറസ്റ്റടക്കമുള്ളവ ക്രിമിനൽ നടപടികൾ നിയമപ്രകാരം സുതാര്യമാക്കും