തിരുവനന്തപുരം : അദ്ധ്യാപിക സാങ്കല്പിക കസേരയിലിരുത്തിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്‌കൂൾ സന്ദർശിച്ചു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം എഫ്. വിൽസൺ എന്നിവരാണ് വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂൾ സന്ദർശിച്ചത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ ശിക്ഷ നൽകിയതിന്റെ നിജസ്ഥിതി പരിശോധിക്കാൻ കമ്മിഷൻ നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ, എസ്.സി/ എസ്.ടി ജില്ലാ ഓഫീസർ, സ്‌കൂൾ എച്ച്.എം എന്നിവരോട് കമ്മിഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.