കുളത്തൂർ : ഏറ്റവും കൂടുതൽ വനിതകൾ ജോലി നോക്കുന്ന കഴക്കൂട്ടം ഐ.ടി. നഗരത്തിൽ സ്ത്രീ സുരക്ഷ ഇപ്പോഴും പേരിന് മാത്രം. രാത്രിയും പകലുമെന്നില്ലാതെ ഐ.ടി നഗരത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇതുവരെ ക്രിയാത്മകമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിക്രമങ്ങളുണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന തരത്തിലാണ് ഇവിടുത്തെ സ്ത്രീ സുരക്ഷാ സംവിധാനങ്ങൾ. നെെറ്റ് ഷിഫറ്റ് കഴിഞ്ഞ് ടെക്നോപാർക്കിന്റെ മൂന്ന് ഫെയിസുകളിലൂടെ ദിവസവും നൂറുകണക്കിന് വനിതാ ടെക്കികളാണ് അവരുടെ താമസ്ഥലങ്ങളിലേയ്ക്ക് ഒറ്റയ്ക്കും അല്ലാതെയുമായി സഞ്ചരിക്കുന്നത്. ചില കമ്പനികൾ കാബുകൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം പേരും ആൺ സുഹൃത്തുക്കൾക്കൊപ്പം ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നു. പുതുതലമുറ ട്രെൻഡായി മാറിയ ഇത്തരം സൗഹൃദങ്ങൾ വീട്ടുകാരുടെ അറിവോടെയാണെങ്കിലും ഭൂരിപക്ഷം സൗഹൃദങ്ങളും തെറ്റായ ദിശയിലേക്ക് അവരെക്കൊണ്ടെത്തിക്കുന്നതും ഇപ്പോൾ നിത്യ സംഭവമാണ്.

വഴിതെറ്റിക്കാൻ

ഫ്രണ്ട്സ് ആപ്പുകൾ

തെറ്റായ സൗഹൃദങ്ങളിലകപ്പെട്ട് മാരക മയക്കുമരുന്നുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾക്കടിമപ്പെടുന്നവരുമുണ്ട്. ഇത്തരക്കാർക്കായി ടെക്നോപാർക്ക് കേന്ദ്രമായി ടെക്കികൾക്ക് ചില ഫ്രണ്ട്സ് ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടം അജ്ഞാതമാണ്. ഇത്തരം ആപ്പുകൾ വഴി ആൺ പെൺ വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ തമ്മിൽ കൂട്ടി മുട്ടിക്കുന്ന ആപ്പ് സംഘങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നു. ഇത്തരക്കാർ പിന്നീട് ലഹരി മാഫിയകളുടെ ആജ്ഞാവർത്തികളായി മാറി ജീവിതം തന്നെ അടിയറവയ്ക്കുന്നു. ഇന്നലെ കഴക്കൂട്ടത്ത് യുവതിക്ക് നേരെ നടന്ന അതിക്രമം ഇതിന് തെളിവാണ്. സൗഹൃദ ആപ്പുകളിലുടെ പരിചയപ്പെട്ട ആൺ സുഹൃത്തിന്റെ കൂട്ടുകാരനിൽ നിന്നാണ് സിവിൽ സർവ്വീസ് മോഹവുമായെത്തിയ യുവതിക്ക് പീഢനം നേരിടേണ്ടി വന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പേർക്ക് ഇത്തരത്തിൽ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പരാതിയുമായി മുന്നോട്ടുവരുന്നവരുടെ എണ്ണം കുറവാണെന്ന് പൊലീസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് സെന്ററുകളിലും രജിസ്ട്രേഷൻ ഉൾപ്പെടെ ഏർപ്പെടുത്തി പൊലീസിന്റെ സുരക്ഷാ ക്രമീകരണ നിയന്ത്രണത്തിനുള്ളിൽ കൊണ്ടുവന്നാൽ മാത്രമേ സുരക്ഷക്ക് അർത്ഥമുണ്ടാകൂവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.