
തിരുവനന്തപുരം : പാർട്ടിയിൽ വിഭാഗീയത കൊണ്ടുവരാൻ കെ.ഇ.ഇസ്മായിൽ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനം. പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജാണ് വിമർശനമുയർത്തിയത്. സി.കെ ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായ കാലത്താണ് ഇസ്മായിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത്. അന്ന് പാർട്ടി അദ്ദേഹത്തെ തിരുത്താൻ തയ്യാറായില്ല. ഇതിന്റെ അനന്തരഫലമാണ് സേവ് സി.പി.ഐ ഫോറം. പാർട്ടി ചട്ടക്കൂടിൽ ഒതുങ്ങി ഇസ്മയിൽ പ്രവർത്തിക്കണമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു..
സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പാർട്ടി ദേശീയ നേതാക്കൾ കേരള വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ട്. കേരള വിഷയങ്ങളിൽ ആനിരാജ നിരന്തരം അഭിപ്രായം പറഞ്ഞതിനെ തുടർന്നാണിത്.
പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.. ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുടെ സാന്നിധ്യത്തിലാണ് സംസ്ഥാന കൗൺസിൽ യോഗം ചേർന്നത്.