വെഞ്ഞാറമൂട്: കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല് തുടങ്ങിയവയ്ക്ക് വില വർദ്ധിച്ചതോടെ ക്ഷീര കർഷകർ ദുരിതത്തിൽ. കാലികളുടെ പരിപാലന ചെലവടക്കം വർദ്ധിച്ചിട്ടും സർക്കാർ തങ്ങളെ സഹായിക്കുന്ന പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്ന് ക്ഷീരകർഷകർ പരാതിപ്പെടുന്നു. പ്രതിസന്ധി വർദ്ധിച്ചതോടെ ഭൂരിഭാഗം ക്ഷീര കർഷകരും പശുക്കളെ വിറ്റു.ഫാമുകൾ ഉൾപ്പെടെ ഏറിയ പങ്കും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
രണ്ടു വർഷത്തിനിടെ കാലിത്തീറ്റയ്ക്ക് ചാക്കിന് 500 രൂപയിലധികമാണ് വർദ്ധിച്ചത്.വെറ്ററിനറി മരുന്നുകളുടെ വില വർദ്ധനയും തിരിച്ചടിയായി. ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതും പശുക്കൾക്ക് ഇടയ്ക്കിടെ രോഗം വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ കുറെ നാളുകളായി പാൽ വില വർദ്ധിപ്പിച്ചിട്ടും ക്ഷീര കർഷകന് നഷ്ടം മാത്രമാണ് ഉണ്ടായിരുന്നത്.പിണ്ണാക്കിനും കാലിത്തീറ്റയ്ക്കുമുണ്ടായ വിലവർദ്ധന കണക്കിലെടുക്കുമ്പോൾ പാൽ വില കൂട്ടിയതുകൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീരസംഘം പ്രതിനിധികളും കർഷകരും പറഞ്ഞിരുന്നു. കച്ചിലിന്റെ വിലയും വർദ്ധിക്കുന്നത് കർഷകരെ ബുദ്ധിമുട്ടിച്ചിരുന്നു.ഇക്കണക്കിന് കാലിത്തീറ്റ വില വർദ്ധിച്ചാൽ ക്ഷീരകർഷകർ മറ്റു തൊഴിലിലേക്ക് പോകുകയേ നിവൃത്തിയുള്ളൂ.
ഇൻഷ്വറൻസ് പ്രീമിയം
തുക ഇരട്ടിയായി
കന്നുകാലി ഇൻഷ്വറൻസ് പ്രീമിയം തുകയിലെ വർദ്ധനയും മേഖലയ്ക്ക് തിരിച്ചടിയായി.2000 രൂപയിൽ താഴെയുണ്ടായിരുന്ന വാർഷിക പ്രീമിയം 5000ത്തിന് മുകളിലായി.പശുവിന്റെ വില വർദ്ധിച്ചതാണ് ഇതിന് കാരണമായി കമ്പനികൾ പറയുന്നത്.റബർ വിലയിടിവിനെ തുടർന്ന് മലയോരമേഖലയിലെ കർഷകർ കൂട്ടമായി പശുവളർത്തലിലേക്ക് തിരിഞ്ഞിരുന്നു. കർഷകർക്ക് കൂടുതൽ ആനുകൂല്യം നൽകിയതോടെ വൻതോതിൽ ഫാമുകൾ തുടങ്ങിയവരുമുണ്ട്. ഇതോടെ പാൽ ഉത്പാദനം വർദ്ധിച്ചു.എന്നാൽ പിന്നീട് പ്രതിസന്ധികളേറെയായതോടെ പലരും പിൻമാറി.വൻതുക വായ്പയെടുത്ത് ഫാം തുടങ്ങിയ പലരും കടക്കെണിയിലുമാണ്.
പാലിന് വില - 48 ലിറ്ററിന്
മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും,ഖരപദാർത്ഥങ്ങളുടെ അളവ് 8.5 മില്ലി ലിറ്ററുമുള്ള പാലിന് കർഷകന് ലഭിക്കുന്നത് 38 രൂപ മുതൽ 42 രൂപ വരെ.