vinjanvadi

മുടപുരം: അഴൂർ പഞ്ചായത്തിലെ കോളിച്ചിറയിൽ അടഞ്ഞുകിടക്കുന്ന ഡോ. അംബേദ്കർ കമ്പ്യൂട്ടർ വിജ്ഞാൻവാടി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. പട്ടികജാതി യുവജനങ്ങൾക്ക് തൊഴിൽ തേടുന്നതിനായി വിവിധയിനങ്ങളിൽ പരിശീലനം നൽകിയിരുന്ന വിജ്ഞാൻവാടിയാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. പഞ്ചായത്തിൽ പട്ടികജാതി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി അഡ്വ.വി.ജോയി പഞ്ചായത്ത് പ്രസിഡന്റും അഴൂർ വിജയൻ വാർഡ് മെമ്പറുമായിരുന്ന 2015ലാണ് കോളിച്ചിറ ലക്ഷം വീട് കേന്ദ്രമാക്കി പട്ടികജാതി വികസന വകുപ്പ് വിജ്ഞാൻവാടി സ്ഥാപിച്ചത്. പുതിയ മന്ദിരം നിർമ്മിച്ച് പരിശീലനത്തിനാവശ്യമായ 5 കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും ഗ്രന്ഥശാലയും ഒരുക്കി. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പത്രങ്ങളും കൃത്യമായി എത്തിയിരുന്നു. പി.എസ്.സി പരീക്ഷ എഴുതുന്നതിനുള്ള പരിശീലനവും കേന്ദ്രത്തിൽ നൽകിയിരുന്നു. വാർഡ് മെമ്പർ അദ്ധ്യക്ഷനായുള്ള പട്ടികജാതിക്കാരുടെ കമ്മിറ്റിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.

അപേക്ഷ നൽകിയിട്ടും മറുപടിയില്ല

സ്ഥാപനത്തിലെ ഇൻസ്ട്രക്ടറുടെ ശമ്പളവും മറ്റ്‌ ചെലവുകളും പട്ടികജാതി വികസന വകുപ്പാണ് നൽകി വന്നിരുന്നത്. എന്നാൽ യഥാസമയം ഈ കേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള തുക ലഭിക്കാതെ വന്നതിനാൽ കേന്ദ്രം പ്രവർത്തനരഹിതമായി. ഈ കേന്ദ്രം ഗ്രാമ പഞ്ചായത്തിന് കൈമാറിയാൽ തുക കണ്ടെത്തി പ്രവർത്തിപ്പിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ആർ.അനിൽ പറഞ്ഞു. ഇതിനായി പഞ്ചായത്ത് തീരുമാനമെടുത്ത് അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല.