കല്ലമ്പലം: കല്ലമ്പലം മേഖലയിൽ കവർച്ചയും തട്ടിപ്പും വർദ്ധിക്കുന്നു. ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിലായി ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്ടമായത്. ഇതിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പരാതിയുമായി മുന്നോട്ടുവരുന്നത്. ചിലർ മാനഹാനി ഭയന്ന് പുറത്തുപറയാൻ മടിക്കുന്നവരുമുണ്ട്. കല്ലമ്പലം മേഖലയിൽ മോഷണ പരമ്പരതന്നെ നടന്നിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. ഇത്തരം തട്ടിപ്പിനിരയാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊതുസമൂഹം ഒന്നാകെ ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളാറില്ലെന്നും പൊലീസ് പറഞ്ഞു. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുതെന്നും പൊലീസ് നിർദേശിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്ന പുതിയ സൈബർ തട്ടിപ്പ് സംഘങ്ങളും സജീവമാണ്.

 ലക്ഷ്യം യുവാക്കൾ

യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പാർട്ട് ടൈം, ഓൺലൈൻ ജോലികൾ തിരയുന്നവരും സംഘത്തിന്റെ കെണിയിലാക്കുന്നു. മൊബൈലിൽ അശ്ലീല സൈറ്റുകൾ സന്ദർശിച്ചെന്നും കേസ് ഒഴിവാക്കാൻ തുക ആവശ്യപ്പെട്ടുമുള്ള വ്യാജ പൊലീസിന്റെ കാളുകളും പലർക്കും എത്താറുണ്ട്. ഇത്തരം കേസുകളായതിനാൽ ആരും പരാതിയുമായി എത്താറുമില്ല.

 ഗൂഗിൾ പേയും പെട്ടു...

നാവായിക്കുളം കല്ലമ്പലം മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാക്കളുടെ ഒരുസംഘം തന്നെയുണ്ട്. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ഗൂഗിൾ പേ ചെയ്ത ശേഷം ഒരു പൂജ്യം കൂടിപ്പോയെന്നു പറഞ്ഞ് മറ്റാർക്കോ ചെയ്ത സ്ക്രീൻഷോട്ട് കാണിച്ച് പൈസ വാങ്ങുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ആറുപേരാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്.

മോഷണവും പതിവ്

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചാണ് കഴിഞ്ഞ ആഴ്ച മോഷണം നടന്നത്. നാവായിക്കുളം, ആശാരികോണം, ചിറ്റായിക്കോട്, ശിവപുരം, വടക്കേവയൽ, വൈരമല എന്നിവിടങ്ങളിൽ ജലജീവൻ പദ്ധതിപ്രകാരം ഉപഭോക്താക്കൾക്ക് കണക്ഷൻ കൊടുത്തിരുന്ന 15 ഓളം വാട്ടർ മീറ്ററുകൾ ഇളക്കിക്കൊണ്ടുപോയിരുന്നു. കല്ലമ്പലത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന്റെ സീറ്റിനടിയിൽ നിന്ന് നാവായിക്കുളം ഞാറയിൽക്കോണം ദാറുൽ ദുആയിൽ നാസിമുദ്ദീന്റെ 1,70,000 രൂപയും മോഷ്ടാക്കൾ കൊണ്ടുപോയി.

 ക്ഷേത്രങ്ങൾക്കും രക്ഷയില്ല

കഴിഞ്ഞ 20ന് ചേന്നൻകോട് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്നിരുന്നു. ഏകദേശം 20000 രൂപ മോഷണംപോയി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ ആറോളം സി.സി.ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.

സമീപകാലത്ത് കല്ലമ്പലം മേഖലയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രം ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിലും കവർച്ച നടന്നിരുന്നു. ഇവയിൽ ഭൂരിഭാഗവും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.