adav

കല്ലമ്പലം: വീട്ടിൽ പൂജവയ്ക്കുന്ന വേളയിൽ സമർപ്പിക്കാൻ വച്ചിരുന്ന റമ്പൂട്ടാൻ പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

കുട്ടിയുടെ വല്യച്ഛന്റെ മക്കൾ മറ്റു പഴവർഗങ്ങൾക്കൊപ്പമുണ്ടായിരുന്ന റമ്പൂട്ടാൻ തോടു കളഞ്ഞ് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുകയായിരുന്നു. കുട്ടി അത് വിഴുങ്ങിയതോടെ തൊണ്ടയിൽ കുടുങ്ങി. കുട്ടികളുടെ നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തിയ അമ്മ കണ്ടത് ശ്വാസംകിട്ടാതെ പിടയുന്ന കുഞ്ഞിനെയാണ്.

സമീപത്തെ കെ.ടി.സി.ടി ആശുപത്രിയിലെത്തിച്ച് റമ്പൂട്ടാൻ പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞില്ല. കൃത്രിമ ശ്വാസം നൽകിയശേഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിലായിരിക്കേ, ഇന്നലെ പുലർച്ചയോടെയായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ് ടിപ്പർ ഡ്രൈവറാണ്. ആറു വയസുകാരൻ ആരുഷ് സഹോദരനാണ്. കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.