വിഴിഞ്ഞം: വീടുകളിലെല്ലാം പൈപ്പ് കണക്ഷൻ എത്തിയെങ്കിലും ആവശ്യത്തിന് കുടിവെള്ളമില്ലാതെ മുക്കോലയും പരിസരവും. മണലി,വെള്ളംകൊള്ളി,മുടുപാറ,പ്ലാവറത്തലകുഴി, ഞാറവിള തുടങ്ങിയ പ്രദേശങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ ഇവിടെ പൈപ്പിലൂടെ വെള്ളം എത്തുന്നുള്ളൂവെന്നുമാണ് പരാതി. കുടിവെള്ളം എത്താത്തതിനെ തുടർന്ന് നേരത്തെയും പരാതികളുയർന്നിരുന്നു. പഴക്കം ചെന്ന പൈപ്പുകൾ മാറ്റി തടസം നീക്കിയെങ്കിലും കുടിവെള്ളം എത്തുന്നില്ല. ജമീല പ്രകാശം എം.എൽ.എ ആയിരുന്ന കാലയളവിൽ വെങ്ങാനൂർ,കല്ലിയൂർ,കോട്ടുകാൽ, വിഴിഞ്ഞം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും ശുദ്ധജലവിതരണത്തിനായി സ്ഥാപിച്ച പദ്ധതിയിൽ നിന്നുമാണ് ജലവിതരണം നടത്തുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി പൂങ്കുളം ഭാഗത്തുവച്ച് ജലവിതരണം നഗരത്തിലേക്ക് വഴിതിരിച്ചുവിടുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആർ.ജെ.ഡി കോവളം നിയോജകമണ്ഡലം പ്രസിഡന്റ് തെന്നൂർകോണം ബാബു പറഞ്ഞു.
വിഴിഞ്ഞത്തും കുടിവെള്ളക്ഷാമം
വിഴിഞ്ഞം തീരദേശത്തും കുടിവെള്ളക്ഷാമമുണ്ട്. വിഴിഞ്ഞം കോട്ടപ്പുറം വാർഡിലും നെല്ലിക്കുന്ന്,കപ്പവിള, പ്ലാവിള,കടക്കുളം,കുരുവിത്തോട്ടം,ചരുവിള പനവിള തുടങ്ങിയ സ്ഥലങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. കോട്ടപുറം,ഒസാവിള,ചരുവിള,കടയ്ക്കുളം ഭാഗങ്ങളിൽ പൈപ്പ് കണക്ഷനിലെ തകരാറ് കാരണമാണ് വെള്ളമെത്താത്തത്. വെണ്ണിയൂർ പമ്പ് ഹൗസിൽ നിന്നാണ് ഈ ഭാഗങ്ങളിലേക്കുള്ള ജലവിതരണം. ഇവിടെനിന്ന് ആഴ്ചയിൽ 2 ദിവസം മാത്രമാണ് ജലവിതരണം നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
തൊഴിലാളികളും ബുദ്ധിമുട്ടിൽ
പൈപ്പ് വെള്ളം ശേഖരിക്കുന്നതിനായി രാത്രി മുതൽ പുലർച്ചെ വരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാലും ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രി കടൽപ്പണിക്കു പോകുന്ന തൊഴിലാളികൾ പൈപ്പ് വെള്ളത്തിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടുപോകാറാണ് പതിവ്. എന്നാൽ വെള്ളത്തിൽ ക്ലോറിൻ കലർന്നതിനാൽ ഇവ കഴിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്.
ഉയർന്ന സ്ഥലത്ത് വെള്ളമില്ല
പമ്പ് ഹൗസുകളിൽ വെള്ളമുണ്ടെങ്കിലും കോട്ടപ്പുറം പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നതിനുള്ള ശക്തിയില്ല. 40 വർഷത്തോളമായി പൈപ്പ് ലൈനുകൾ പല സ്ഥലത്തും അടഞ്ഞുകിടക്കുന്നതാണ് ജലമൊഴുക്ക് തടസപ്പെടാൻ കാരണം. ഇവ ഇടയ്ക്ക് മുറിച്ച് പ്രഷർ കൊടുത്ത് തടസം മാറ്റിയാലേ കൂടുതൽ പ്രദേശങ്ങളിൽ വെള്ളമെത്തൂ. എന്നാൽ 2 കിലോമീറ്റർ ചുറ്റളവിൽ റോഡ് കുഴിക്കുന്നത് പ്രായോഗികമല്ല.