വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി റൂട്ടിൽ യാത്രാക്ലേശം വർദ്ധിക്കുന്നതായി പരാതി. കെ.എസ്.ആർ.ടി.സി ബസുകളിൽ പൊൻമുടിയുടെ സൗന്ദര്യം നുകരുവാനായി ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. എന്നാൽ വേണ്ടത്ര സർവീസുകൾ ഇല്ലാത്തതുമൂലം സഞ്ചാരികൾ വലയുകയാണ്. നിലവിൽ വിതുര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നായി നാമമാത്രമായ സർവീസുകളാണ് പൊൻമുടിയിലേക്കുള്ളത്. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ഒരുബസ് പൊൻമുടിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. തിരക്കുമൂലം പൊൻമുടിയിലേക്കുള്ള ബസുകളിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്. നേരത്തേ സർവീസുകൾ നടത്തിയിരുന്ന ബസുകളും ഇടക്കാലത്ത് നിറുത്തലാക്കി. നിലവിൽ സർവീസ് നടത്തുന്ന പൊൻമുടി ബസുകളിൽ മികച്ചകളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ വിഴിഞ്ഞം, കോവളം, വർക്കല എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്.
പൊൻമുടിയിൽ സഞ്ചാരികളുടെ തിരക്ക്
പൊൻമുടിയിൽ നിലവിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചുവരികയാണ്. പ്രതികൂല കാലാവസ്ഥയാണെങ്കിലും സഞ്ചാരികളുടെ വരവിന് യാതൊരു കുറവുമില്ല. നിലവിൽ അവധിദിനങ്ങളിലാണ് കൂടുതൽ തിരക്ക്. പൂജാഹോളിഡേ ആയതിനാൽ ശനിയും ഞായറും തിരക്കേറും. ഓണനാളുകളിൽ ആയിരങ്ങളാണ് പൊൻമുടിയിലെത്തിയത്. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചു.
മഞ്ഞും മഴയും
പൊൻമുടിയിൽ ഇപ്പോൾ മിക്കദിവസങ്ങളിലും മഴപെയ്യുന്നുണ്ട്. മൂടൽമഞ്ഞ് വീഴ്ചയും കാറ്റുമുണ്ട്. നിലവിൽ പൊൻമുടിയാത്ര സഞ്ചാരികൾക്ക് ആകാശയാത്രയുടെ ത്രിൽ സമ്മാനിക്കും.
ഇഴജന്തുക്കളുടെ ശല്യവും
പൊൻമുടിയിൽ ഇപ്പോൾ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ട്. കാട്ടാനയും കാട്ടുപോത്തും മിക്ക ദിനങ്ങളിലും ചുറ്റിത്തിരിയുന്നത് കാണാം. ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. വനംവകുപ്പ് പിടികൂടുന്ന പാമ്പുകളെ ഇവിടെകൊണ്ടു വിടുന്നതിനാലാണ് പാമ്പ് ശല്യം വർദ്ധിച്ചതെന്ന് പൊൻമുടി നിവാസികൾ പരാതിപ്പെട്ടു.നേരത്തെ പൊൻമുടി സന്ദർശകർക്കായുള്ള പ്രവേശനഫീസ് ഇരട്ടിയാക്കിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.
സ്പെഷ്യൽ സർവീസ്
പൂജാഹോളിഡേ പ്രമാണിച്ച് 12,13 തീയതികളിൽ പൊൻമുടിയിലേക്കുള്ള തിരക്ക് മുൻനിറുത്തി വിതുര ഡിപ്പോയിൽ നിന്നും പൊൻമുടിയിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓണനാളുകളിലും സ്പെഷ്യൽ സർവീസ് നടത്തിയിരുന്നു.