
നിയമസഭയിൽ പെരുമ്പാവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അംഗം എൽദോസ് കുന്നപ്പള്ളി കവി മാത്രമല്ല, മൃഗസ്നേഹി കൂടിയാണ്. ഇന്നലെയാണ് നിയമസഭയിൽ എൽദോസ് തന്റെ മൃഗസ്നേഹത്തിന്റെ തീവ്രത തുറന്നുകാട്ടിയത്. വ്യക്തിപരമായി ഉണ്ടായ ചില അനുഭവങ്ങൾ കൂടി പങ്കുവച്ച് തെരുവ് നായ്ക്കളുടെ ദുരിതങ്ങളും സങ്കടങ്ങളും അദ്ദേഹം കവിത ചൊല്ലാതെ വിവരിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾക്കു പോലും കണ്ണു നിറഞ്ഞിട്ടുണ്ടാവും. 2022-ലെ, 'ജനവാസ മേഖലകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അക്രമകാരികളായ മൃഗങ്ങളെ സുരക്ഷിത വാസ സ്ഥലങ്ങളിലേക്ക് മാറ്രി പുനരധിവാസം ഉറപ്പാക്കൽ ബിൽ" അവതരണ വേളയിലാണ് എൽദോസിലെ മൃഗസ്നേഹി മനസു തുറന്നത്.
കണ്ണൂരിൽ നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ട നിഹാലിന്റെ ദുരന്തം വിശദമാക്കിയ അദ്ദേഹം സംസ്ഥാനത്ത് എട്ടു ലക്ഷം തെരുവ്നായ്ക്കളുണ്ടെന്ന കണക്കും നിരത്തി. എൽദോസിന്റെ തെരുവുനായ സ്നേഹത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ സി.പി.എം അംഗം ശ്രീനിജനും അദ്ദേഹത്തിനൊപ്പം കൂടി. തെരുവിൽ നിന്ന് ദത്തെടുത്ത രണ്ട് നായകളെ താൻ വളർത്തുന്നുണ്ടെന്നു പറഞ്ഞ ശ്രീനിജൻ, നായ്ക്കളെ ദത്തെടുക്കുന്നതിനെക്കറുച്ചുള്ള അഭിപ്രായവും ആരാഞ്ഞു. വീട്ടു പടിക്കൽ കിടക്കുന്ന ചെരുപ്പുകൾ എടുത്തുകൊണ്ടു പോകുന്ന നായശല്യത്തെക്കുറിച്ച് തനിക്കു കിട്ടിയ പരാതി സഭയിൽ ഉയർത്തിയത് മറ്റൊരു സി.പി.എം അംഗം കെ.ഡി. പ്രസേനനാണ്.
പൊലീസ് സംരക്ഷണമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടതെന്നു കൂടിപറഞ്ഞപ്പോൾ, ചെരുപ്പ് വീടിനുള്ളിൽ ഇട്ടാൽ പോരേ എന്ന് എൽദോസിന്റെ മറുചോദ്യം. രാവിലെ നടക്കാനിറങ്ങിയപ്പോൾ തെരുവുനായ ഓടിവന്ന് ഭയപ്പെടുത്തിയ കാര്യം പറഞ്ഞിട്ട് എൽദോസിന്റെ ആത്മഗതം: 'എന്നെ കടിച്ചതുകൊണ്ട് ഫലമില്ലെന്ന് നായയ്ക്ക് അറിയാം!" നായ്ക്കൾ മാത്രമല്ല, മയിലുകളും ചില്ലറ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ലീഗ് അംഗം കുറിക്കോളി മൊയ്ദീൻ പറഞ്ഞപ്പോൾ, കുറിക്കോളിയെ പോലെ മാന്യന്മാരുള്ള സ്ഥലത്തേ മയിലുകൾ വരൂ എന്നായി കുന്നപ്പള്ളി. അവിടംകൊണ്ടു തീർന്നില്ല, മയിലുകൾ വരുന്നത് കാണാൻ നല്ല ഭംഗിയാണെന്നായി കാനത്തിൽ ജമീല. ഭംഗിയല്ല, കടി കിട്ടുന്നതല്ലേ പ്രശ്നമെന്ന് എൽദോസ്.
തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഫയർ ഫോഴ്സിനെ വിളിച്ചാൽ, തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് അവർ പറയുമെന്ന പരാതിയാണ് കോൺഗ്രസ് അംഗം ടി. സിദ്ദിഖ് ഉന്നയിച്ചത്.
രാവിലെ അടിയന്തര പ്രമേയവുമായെത്തി, സഭയെ പ്രക്ഷുബ്ദ്ധമാക്കാനുള്ള പ്രതിപക്ഷനീക്കം ഫലം കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ച് നാലുവർഷം വരെ തുടർനടപടിയെടുക്കാതിരുന്നതിനെ ചൊല്ലിയാണ് കെ.കെ.രമ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഹൈക്കോടതി വിഷയമായതിനാൽ സ്പീക്കർ അനുമതി നൽകിയില്ല. ഇത്തരമൊരു വിഷയം ചർച്ച ചെയ്യാതിരിക്കുന്നത് സംസ്ഥാനത്തിന് അപമാനമാണെന്നു പറഞ്ഞ്, ശൗര്യം പ്രകടിപ്പിക്കാനാവാത്ത വിഷമത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.