
ആറ്റിങ്ങൽ: മുദാക്കൽ സ്വദേശി ഹാജാ ഹുസൈന് കൃഷിയെന്നും ഒരു ഹരമാണ്. ഏതിനത്തിൽപ്പെട്ട കൃഷി ചെയ്യാനാണെങ്കിലും ഹാജ തയ്യാർ. ആദ്യംതന്നെ തൈയ്യോ വിത്തോ സംഘടിപ്പിക്കും. പിന്നീടതിനെ നട്ടുനനച്ച് വളർത്തി വിളവെടുക്കും. ഹാജയുടെ ചെമ്പൂരിലെ വീട്ടുവളപ്പിലില്ലാത്ത പച്ചക്കറികളില്ലെന്നു പറയാം. അവക്കാഡോ, ഡ്രാഗൻ, റംബുട്ടാൻ, മുന്തിരി തുടങ്ങിയ ഫ്രൂട്ട്സുകളും പശു, ആട്, കോഴി, തേനീച്ച, മത്സ്യം തുടങ്ങിയ കൃഷികളും ഹാജ ചെയ്തുവരുന്നു. മഴമറയടക്കം നൂതന കൃഷിരീതിയിൽ ഹാജ കൃഷി ചെയ്യുന്നു. ഇന്ന് മഴമറയ്ക്കുള്ളിൽ നിറയെ പാവൽ കൃഷിയാണ്. നല്ലൊരു ശതമാനം ഇതിനകം വിളവെടുത്തുകഴിഞ്ഞു. ആരോഗ്യത്തിനും ആദായത്തിനും പാവൽ ഉത്തമമെന്ന് ഹാജ പറയുന്നു. കേരളത്തിലെ പച്ചക്കറി വിളകളിൽ ശരാശരി വില എപ്പോഴും ഉറപ്പിക്കാവുന്ന പച്ചക്കറി വിളയാണ് പാവൽ. പ്രമേഹരോഗത്തിനും ഏറെ ആശ്വാസം നൽകുന്നു. പച്ച, വെള്ള നിറങ്ങളിൽ സുലഭമാണ് ഇവ. വെളുത്ത പാവയ്ക്കക്ക് ആവശ്യക്കാരേറെയാണ്. മല്ലു, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയ ഇനങ്ങളാണ് നാട്ടിൽ പ്രിയം. തമിഴ്നാടൻ ഇനങ്ങളായ നാംധാരി, മായാ, പാലി മോണിക്ക, പ്രഗതി, നൂർ, പരാഗ്, അമാൻഷു ഇങ്ങനെ വിവിധയിനം പാവലുകളുണ്ട്. തികച്ചും ജൈവരീതിയിൽ കൃഷി ചെയ്യുന്നതിനാൽ ഹാജയുടെ പച്ചക്കറികൾക്ക് ആവശ്യക്കാരുണ്ട്. എല്ലാ കൃഷിയും ലാഭകരമാണെങ്കിലും ഹാജയ്ക്ക് പാവൽകൃഷിയോടാണ് കൂടുതൽ താത്പര്യം.