
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേശ്കുമാറിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട
നാറ്റ്പാക്കിലെ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവിനെതിരെ വകുപ്പുതല അന്വേഷണം.
നാറ്റ്പാക്ക് ഡയറക്ടർ ഡോ.സാംസൺ മാത്യുവിന്റെ നിർദ്ദേശപ്രകാരം രജിസ്ട്രാറും, രണ്ട് ശാസ്ത്രജ്ഞൻമാരും ഉൾപ്പെട്ട സമിതിയാണ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രിതന്നെ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ സുബിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. അതിനിടെ പോസ്റ്റ് പിൻവലിച്ച് സുബിൻ മാപ്പു പറഞ്ഞു. കാറിൽ കുട്ടികൾക്ക് ചെൽഡ് സീറ്റ് നിർബന്ധമാക്കിയ ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ തീരുമാനം പുനരവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയായിരുന്നു സുബിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അപ്രായോഗികമായ നിർദ്ദേശമാണ് കമ്മിഷണർ മുന്നോട്ടുവച്ചതെന്ന് പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ വിമർശിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് സുബിൻ നടത്തിയത്.
റോഡ് സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ നേരത്തേയും സുബിന്റെ പോസ്റ്റുകൾ വിവാദത്തിലായിട്ടുണ്ട്. ഷിരൂരിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട പരാമർശങ്ങളും വിവാദമായിരുന്നു. തുടർന്ന് നാറ്റ്പാക്ക് അധികൃതർ സമൂഹ മാദ്ധ്യമങ്ങളിലെ അഭിപ്രായപ്രകടനം നിയന്ത്രിക്കാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു.
സുബിന്റെ വിവാദ
ഫേസ് ബുക്ക് പോസ്റ്ര്
''താൻ എന്തുപൊട്ടനാടോ എന്ന് തിരികെ ഉദ്യോഗസ്ഥർ മന്ത്രിയോട് ചോദിക്കാതിരുന്നത് തേജോവധം ചെയ്യുമെന്ന് പേടിച്ചിട്ടാണ്. അണമുട്ടിയാൽ നീർക്കോലിയും കടിക്കും എന്നു പൊട്ടത്തരം വിളിച്ചുപറയുന്നവർ ഓർക്കണം. ചൈൽഡ് സീറ്റ് അത്യാവശ്യമാണ് എന്നാൽ നടപ്പാക്കാൻ സാവകാശം ആവശ്യമുണ്ട്. അതുമാത്രമേ ഗതാഗത കമ്മിഷണർ നാഗരാജു സാറിന്റെ സർക്കുലറിൽ ഞാൻ കണ്ടുള്ളൂ. കാർ വാങ്ങാൻ പൈസ കണ്ടെത്തിയെങ്കിൽ അതിന്റെ കൂടെ ഒരു 3000 കൂടി മുടക്കിയാൽ ഒരു കുട്ടിയെ സുരക്ഷിതമായി കൊണ്ടുപോകാം.''