
പൂവാർ: പൊഴിക്കരയിലെ ഗോൾഡൻ ബീച്ച് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഗോൾഡൻ ബീച്ച് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. പൊഴിക്കര മുതൽ ഇ.എം.എസ് കോളനി വരെയുള്ള ഗോൾഡൻ ബീച്ചിന്റെ മനോഹരമായ മണൽപ്പരപ്പ് മുഴുവൻ ഒലിച്ചുപോയി. ബീച്ചിലേക്കുള്ള റോഡും കടലെടുത്തു. അവശേഷിക്കുന്ന തീരമത്രയും മാലിന്യക്കൂമ്പാരമായി. ബോട്ട് സവാരിക്കു ശേഷം തീരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തിയിരുന്നവരും ഇപ്പോൾ തീരത്ത് ഇറങ്ങാറേയില്ല.
ബീച്ചും ബീച്ച് റോഡിന്റെയും പുനർനിർമാണം വേഗത്തിലാക്കി പൂവാറിന്റെ ടൂറിസം വികസനം ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പുനർനിർമ്മിക്കുന്നതിന് ആവശ്യമായ നടപടിയും സ്വീകരിച്ചിട്ടില്ല.
ആക്ഷേപം ശക്തം
കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനമാണ് പൂവാറിന്. ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകൾ വന്നുപോകുന്ന ഇടമായിട്ടും രണ്ട് ലൈഫ് ഗാർഡുകൾ അല്ലാതെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഒരു പദ്ധതിയും പ്രദേശത്തില്ലെന്നതാണ് പ്രധാന ആക്ഷേപം.
സംവിധാനങ്ങളില്ല
പൂവാർ പൊഴിക്കരയിലെ പ്രധാന സർക്കാർ സ്ഥാപനം പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ്. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 2 ലൈഫ് ഗാഡുകളും പൂവാർ, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളും,13 കോസ്റ്റൽ വാർഡന്മാരും ഇതിന് ചുറ്റുമായുണ്ട്. എന്നാൽ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സ്ഥിരം സംവിധാനങ്ങളൊന്നും തീരത്തില്ല. പ്രദേശവാസികൾ നിരന്തരം ആവശ്യമുയർത്തിയിട്ടും നാളിതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടുമില്ല.
ഓഖി പാർക്കും കടലെടുത്തു
സഞ്ചാരികൾക്ക് വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിനുമായി നിർമ്മിച്ച പൊഴിയൂരിലെ ഓഖി പാർക്ക് കടലെടുത്തിട്ട് വർഷങ്ങളായെങ്കിലും നവീകരിച്ചിട്ടില്ല. പൂവാറിലെ ആയോധന കലാപരിശീലനകേന്ദ്രം ഒരു ചരിത്രസ്മാരകമെന്ന് തോന്നിപ്പിക്കുമെങ്കിലും അപകടഭീഷണി ഉയർത്തുന്നതായി കോസ്റ്റൽ പൊലീസ് പറയുന്നു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടം പൊളിച്ചുമാറ്റാനോ പകരം സംവിധാനമൊരുക്കാനോ അധികൃതർ തയ്യാറാകുന്നില്ല.
മിഴിയടച്ചു
ഗോൾഡൻ ബീച്ച് വൃത്തിയാക്കാനും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാനും നടപടിയില്ല.സന്ധ്യ കഴിഞ്ഞാൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല. സോളാർ ലാംബുകളും മിഴിയടച്ച സ്ഥിതിയാണ്. കുട്ടികളുടെ പാർക്കും കാട്മൂടി.