
ശിവഗിരി: ആദ്യാക്ഷരം കുറിക്കാൻ നാളെ പുലർച്ചെ മുതൽ വിദ്യാദേവതയുടെ സന്നിധിയിൽ നൂറുകണക്കിനു കുരുന്നുകളെ എത്തിക്കും. ഇന്നലെ മുതൽ ശിവഗിരിയിലും പ്രാന്തപ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമൊക്കെ കുഞ്ഞുങ്ങളുമായി എത്തി താമസിക്കുന്നവരും ഉണ്ട്. ശിവഗിരിയിൽ ഇതിനായി വൻ ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞു. വഴിപാടു കൗണ്ടറിൽ തിരക്കൊഴിവാക്കുന്നതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും. മഠം വക ബുക്ക് സ്റ്റാളിനു മുന്നിൽ കൊടിമരത്തിനു സമീപവും തീർത്ഥാടന ഓഡിറ്റോറിയത്തിനു പിന്നിലും ശങ്കരാനന്ദ നിലയത്തിനു സമീപ പ്രദേശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാം. കുഞ്ഞുങ്ങളുമായി എത്തുന്ന മാതാപിതാക്കൾക്ക് വിശ്രമ സൗകര്യവും ഉണ്ടായിരിക്കും. പ്രത്യേക വോളന്റിയർമാരുടെ സേവനവും ലഭിക്കും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവരും ട്രസ്റ്റ് ബോർഡ് അംഗങ്ങളും മറ്റു സന്യാസി ശ്രേഷ്ഠരും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നല്‍കും. പർണ്ണശാലയിലും വൈദികമഠത്തിലും ബോധാനന്ദസ്വാമി പീഠത്തിലും മഹാസമാധി സന്നിധിയിലും തിരക്കനുഭവപ്പെടാതെയുളള ദർശന ക്രമീകരണങ്ങളും ഒരുക്കും. ശാരദാമഠത്തിലെ വഴിപാടുകൾക്ക് പ്രസാദമായി പൂജിച്ച പേന ലഭിക്കും.