തിരുവനന്തപുരം: അക്ഷരലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ച് നടത്താൻ വിജയദശമി ദിനമായ നാളെ ക്ഷേത്രങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ വിദ്യാരംഭച്ചടങ്ങുകൾ നടക്കും.ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നാളെ രാവിലെ 7 മുതൽ പ്രാർത്ഥനാമണ്ഡപത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി,സഹ മേൽശാന്തിമാരായ ടി.കെ.ഈശ്വരൻ നമ്പൂതിരി,യു.എം.നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് വിദ്യാരംഭം കുറിക്കും.വിദ്യാരംഭത്തിന്റെയും വിദ്യാസൂക്താർച്ചനയുടെയും രസീതുകൾ ക്ഷേത്ര കൗണ്ടറുകളിൽ നിന്ന് ലഭിക്കും.വിദ്യാരംഭത്തിന് 300 രൂപയാണ് രസീത് തുക.കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ നാളെ രാവിലെ 6.15ന് വിജയദശമി പൂജകൾ ആരംഭിക്കും.7ന് വിദ്യാരംഭച്ചടങ്ങുകൾ നടക്കും.ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി ശ്രീജേഷ് നാരായണൻ നമ്പൂതിരി,എ.ജയരാജൻ നമ്പൂതിരി,കവി വി.മധുസൂദനൻ നായർ,മുൻ ഹൈക്കോടതി ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ,പ്രൊഫ.പി.വേണുഗോപാൽ, ഡോ.അച്യുത്ശങ്കർ എസ്.നായർ,ഡോ.ലക്ഷ്മീ ദാസ്, ഡോ.വെള്ളിനേഴി അച്യുതൻകുട്ടി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. പൂജപ്പുര സരസ്വതി ദേവീക്ഷേത്രത്തിൽ രാവിലെ 5.30ന് സരസ്വതി മണ്ഡപത്തിലും ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിലുമായി വിദ്യാരംഭം നടക്കും.

കഴക്കൂട്ടം ആറ്റിപ്ര ശിവാനന്ദ ക്ഷേത്രത്തിൽ ഇന്ന് മഹാനവമി-ആയുധപൂജയും നാളെ വിജയദശമി പൂജയെടുപ്പും വിദ്യാരംഭവും നടക്കും. മുക്കോലയ്ക്കൽ ശ്രീവരാഹം ഭഗവതി ക്ഷേത്രത്തിൽ നാളെ രാവിലെ 7.50ന് പൂജയെടുക്കും. 8ന് മേൽശാന്തി കെ.ഈശ്വരൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. പേട്ട കല്ലുംമൂട് വാരാഹി പഞ്ചമി ക്ഷേത്രത്തിൽ രാവിലെ 7ന് പ്രൊഫ.എൻ.അജിത്ത്കുമാർ,മേൽശാന്തി മാധവൻനമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽ രാവിലെ 7 മുതലാണ് വിദ്യാരംഭം.കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിൽ രാവിലെ 8 മുതൽ സരസ്വതിമണ്ഡപത്തിൽ വിദ്യാരംഭം.കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ അരവിന്ദ് മേനോൻ കുട്ടികളെ എഴുത്തിനിരുത്തും. തുടർന്ന് നൃത്തം,സംഗീതം, വാദ്യോപകരണങ്ങൾ എന്നിവയ്ക്കും ഹരിശ്രീ കുറിക്കും. ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ 8ന് റിട്ട.പ്രൊഫ.പി.ജെ.ശിവകുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തും.പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5.30 മുതൽ പുസ്തകപൂജ ആരംഭിക്കും.നാളെ രാവിലെ 7.30ന് പൂജയെടുപ്പ്.8 മുതൽ വിദ്യാരംഭം ആരംഭിക്കും.

സംഘടനകളുടെ വിദ്യാരംഭം

ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ വിദ്യാരംഭച്ചടങ്ങുകൾ രാവിലെ 7ന് ആരംഭിക്കും.ഡോ.ടി.ജി.രാമചന്ദ്രൻ പിള്ള,മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി,കെ.വി.മോഹൻകുമാർ,ഡോ.എം.ആർ.തമ്പാൻ,ടി.കെ.ദാമോദരൻ നമ്പൂതിരി എന്നിവർ എഴുത്തിലും പ്രൊഫ. കാട്ടൂർ നാരായണപിള്ള,കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ ചിത്രകലയിലും പ്രൊഫ.പി.സുശീലാദേവീ,കല്ലറ ഗോപൻ,മണക്കാട് ഗോപൻ എന്നിവർ സംഗീതത്തിലും നർത്തകി ഗായത്രി നൃത്തത്തിലും കുരുന്നുകളെ ഹരിശ്രീ കുറിപ്പിക്കും.എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖാ ഗുരുമന്ദിരത്തിൽ ഇന്ന് വൈകിട്ട് 7ന് പൂജവയ്പും,നാളെ രാവിലെ 7ന് പൂജയെടുപ്പും നടക്കും.തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ നാളെ രാവിലെ 7.25ന് ഗുരുവന്ദനം,തുടർന്ന് 7.30 മുതൽ കലാ-സാംസ്കാരിക വൈജ്ഞാനിക രംഗത്തെ പ്രമുഖർ കുട്ടികളെ എഴുത്തിനിരുത്തും.ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക്ക് സ്കൂളിലെ വിദ്യാരംഭം രാവിലെ 8 മുതൽ 11 വരെ നടക്കും. കവിയും സാഹിത്യകാരനുമായ കെ.സുദർശനൻ,ഡോ.ഷാജി പ്രഭാകരൻ,റിട്ട. പ്രൊഫ ജി.രാജേന്ദ്രൻ തുടങ്ങിയവരാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാവിലെ 8 മുതലാണ് എഴുത്തിനിരുത്ത്. ജി.എസ്.പ്രദീപ്,ജി.ശങ്കർ,പ്രൊഫ.എ.ജി.ഒലീന,കല്ലറ ഗോപൻ,എ.എസ്.ജോബി തുടങ്ങിയവരാണ് ഗുരുക്കന്മാരായെത്തുന്നത്.