
കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന പള്ളിപ്പുറത്തെ പഴയ ദേശീയപാത വഴിയുള്ള യാത്ര ദുരിതമായി മാറുന്നു. തോന്നൽ ദേവീ ക്ഷേത്രം മുതൽ മുഴിത്തിരിയാവട്ടം മുസ്ളീം പള്ളിവരെയുള്ള അരക്കിലോമീറ്റർ പാതയാണ് ഉഴുതുമറിച്ച പുരയിടംപോലെ കിടക്കുന്നത്. ദിവസവും നൂറുകണക്കിന് കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് പതിനഞ്ചുവർഷമായി പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുണ്ടായ നിലയിലാണ്. ഉണ്ടായിരുന്ന ടാറെല്ലാം ഇളകി എണ്ണിയാൽ തീരാത്ത കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. കുഴികളിൽപ്പെട്ട് വാഹനങ്ങളുടെ അടിഭാഗം തറയിലിടിക്കുന്നു. ഈ റോഡിന്റെ മദ്ധ്യഭാഗത്ത് മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ച ഒറ്റുചെക്കി പാലവും കൈവരി തകർന്ന് അപകടാവസ്ഥയിലാണ്. നിർമ്മാണം നടക്കുന്നതടക്കം 5 ഫ്ലാറ്റ് സമുച്ചയങ്ങളും 2 ക്ഷേത്രവും പള്ളിയും സ്കൂളും വ്യാപാരസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് അരക്കിലോമീറ്റർ വരുന്ന ഈ പഴയ റോഡിന്റെ ഇരുവശത്തുമായാണ്. ചെറിയ മഴയത്തു പോലും റോഡ് തോടായി മാറുന്ന കാഴ്ചയാണ്. രൂക്ഷമായ വെള്ളകെട്ട് കാരണം ബൈക്കപകടങ്ങളും പതിവാണ്. കൊടും വളവുകൾ കാരണം ഇതുവഴിയുണ്ടായിരുന്ന ദേശീയപാത മറ്റൊരു സ്ഥലത്തുകൂടി നിർമ്മിച്ചതോടെ പഴയ ദേശീയപാത ആരും തിരിഞ്ഞുനോക്കാതെയായി. ഹൈവേയായതിനാൽ പഞ്ചായത്തിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല.