
നേമം: ഒരു പഞ്ചായത്തിലെ ഒരേ വാർഡിലെ മൂന്നു കുളങ്ങൾ അധികൃതരുടെ അവഗണനയിൽ കാടുകയറി നശിക്കുന്നു.
സമീപകാലംവരെ ജനങ്ങൾ കുളിക്കാനും അലക്കാനും കൃഷിക്കും മറ്റും ആശ്രയിച്ചിരുന്ന പള്ളിച്ചൽ പഞ്ചായത്തിലെ ചിറക്കുളം, വലിയകുളം, കാവ്കുളങ്ങളുടെ ദുര്യോഗമാണിത്.
ചിറക്കുളം
നെയ്യാറ്റിൻകരയിലേക്കുള്ള റോഡിൽ ദേശീയപാതയോട് ചേർന്ന് പ്രാവച്ചമ്പലത്തിനും പള്ളിച്ചലിനുമിടയ്ക്കാണ് പള്ളിച്ചൽ ചിറക്കുളം. വലിപ്പത്തിലും മുമ്പൻ. ചുറ്റുവട്ടത്തെ നെൽ,വാഴ,ചീര,പച്ചക്കറി കൃഷികൾക്ക് നാട്ടുകാരുടെ പ്രധാന ജലശ്രോതസ്സായിരുന്നു. റോഡിനോട് ചേർന്നു കിടക്കുന്നതിനാൽ ഇപ്പോൾ രാത്രിയിൽ കോഴിമാലിന്യം കൊണ്ടിടാനുള്ള കേന്ദ്രമായി ചിറക്കുളം മാറിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വലിയകുളം
ചിറക്കുളം പോലെ താരതമ്യേന വലിപ്പം കൂടിയ കുളമാണ് ഹൈവേ വിട്ട് നൂറ് മീറ്റർ മാറിയുള്ള വലിയകുളം. രണ്ട് തവണ വലിയ കുളത്തിന്റെ നാല് മണ്ണതിരുകൾ കയർമേറ്റ് വിരിച്ച് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയർ ദ്രവിച്ച് അതിരുകൾ കുളത്തിലേക്ക് മറിഞ്ഞ് കുളം ഏതാണ്ട് മൂടിപ്പോയി.
കാവ്കുളവും
വലിയകുളത്തിന്റെ അഞ്ഞൂറ് മീറ്റർ മാറി സ്ഥിതിചെയ്യുന്ന ചെറിയൊരു കുളമാണിത്.
കാവ്കുളത്തിന്റെ വിശാലമായ കരയോട് ചേർന്നുള്ള സ്ഥലത്ത് പാർക്കും പൂന്തോട്ടവുമൊരുക്കി വൈകുന്നേരങ്ങളിൽ നാട്ടുകാർക്ക് ഒത്തുകൂടാനുള്ള ഉദ്യാനകേന്ദ്രമാക്കുമെന്ന് എം.എൽ.എ ഏഴ് വർഷം മുൻപ് വാഗ്ദാനം നൽകിയിരുന്നതാണ്.പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം മാറി എൽ.ഡി.എഫ് വന്നെങ്കിലും വാർഡ് മെമ്പർ മാറിയില്ല.കുളങ്ങളുടെ സ്ഥിതിക്കും മാറ്റമുണ്ടായില്ലെന്ന് നാട്ടുകാർ പരിഭവപ്പെടുന്നു.