
കിളിമാനൂർ : മേൽശാന്തിയുടെ വിയോഗം ഒരു നാടിന്റെ നോവായി. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ കുക്കിംഗ് ഗ്യാസ് ചോർന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച പുതിയകാവ് ഭഗവതി ക്ഷേത്ര മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) യുടെ അപകടമരണം ഭക്തർക്കും ട്രസ്റ്റ് അംഗങ്ങൾക്കും നീറുന്ന നോവായി.
കഴിഞ്ഞ 30 ന് വൈകുന്നേരമായിരുന്നു ഗ്യാസ് ജീവനെടുത്തത്. തിടപ്പള്ളിയിൽ നിവേദ്യപ്പായസം തയാറാക്കിയശേഷം ക്ഷേത്രത്തിലെ ചുറ്റുവിളക്കുകളിൽ തിരി കൊളുത്താൻ കൊടി വിളക്കിൽ നിന്നു തിരി കത്തിച്ചെടുക്കുമ്പോഴാണ് തിടപ്പള്ളിയിൽ നിന്ന് ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടത്. അത് നോക്കാനായി വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം. നിവേദ്യം തയ്യാറാക്കിയ ശേഷം ഗ്യാസ് ഓഫാക്കിയെങ്കിലു നോബ് പൂർണമായും അടഞ്ഞിരുന്നില്ല. ഇതിലൂടെ ലീക്കായ ഗ്യാസ് മുക്കാൽ മണിക്കൂറോളം മുറിയിൽ ഉണ്ടായിരുന്നു. ഇവിടെക്ക് തീയുമായി എത്തിയതാണ് അപകടകാരണം.
ജയകുമാരൻ നമ്പൂതിരി കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇവിടെ മേൽശാന്തിയാണ്. മുടപുരം തെങ്ങുവിള ക്ഷേത്രം, കിളിമാനൂർ മഹാദേവേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ പൂജാരിയായിരുന്നു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിൽ നേരത്തെ പൂജാരിയായതുകൊണ്ടുതന്നെ കിളിമാനൂരുകാർക്ക് പരിചിതനുമായിരുന്നു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളോട് നിറ പുഞ്ചിരിയോടു മാത്രമേ പെരുമാറിയിരുന്നുള്ളൂ. ഭക്തരുടെ സങ്കടങ്ങൾ യാതൊരു മടുപ്പുമില്ലാതെ എത്രനേരവും കേട്ടിരിക്കുമായിരുന്നുവെന്ന് ഭക്തജനങ്ങൾ പറയുന്നു. ക്ഷേത്രം വീട് - വീട് ക്ഷേത്രം എന്ന രീതിയായിരുന്നു നമ്പൂതിരിയുടേതെന്ന് നാട്ടുകാരും പറയുന്നു.
സംഭവ ദിവസവും രാവിലെ പൂജകൾ കഴിഞ്ഞ് വീട്ടിൽ എത്തിയവർക്ക് ജ്യോതിഷവും നോക്കി തുടർന്ന് വൈകിട്ട് വീണ്ടും ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് അപകടം. മൃതദേഹം തിരുവനന്തപുരം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ഉമാദേവി.മക്കൾ വിദ്യാർത്ഥികളായ ആദിത്യ നാരായണൻ, ആരാധിക.