
തിരുവനന്തപുരം: മഴ പെയ്താൽ വെൺപാലവട്ടം ആർട്ടെക് ഫ്ലാറ്റിന് എതിർവശമുള്ള സർവീസ് ലൈനിലെ താമസക്കാർക്ക് പുറത്തിറങ്ങാനാവില്ല.ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ ചുറ്റും വെള്ളക്കെട്ട് പതിവാണ്.12ലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.താഴ്ന്ന റോഡായതിനാൽ പെട്ടെന്ന് വെള്ളം കയറും. ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
വർഷങ്ങൾക്ക് മുൻപ് കെട്ടിട നിർമ്മാണത്തിനായി അനധികൃതമായി ഇവിടെയുള്ള ഓടകൾ മൂടിയെന്ന് കരിക്കകം വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ പറഞ്ഞു.ഓടയിൽ നിന്ന് മലിനജലം കയറുന്നതിനാൽ, പല തരത്തിലുള്ള രോഗങ്ങളും പ്രദേശവാസികൾക്ക് പിടിപെടുന്നുണ്ട്. കാലിൽ ചൊറിച്ചിലും അലർജിയും പതിവാണ്. കുട്ടികളും കിടപ്പുരോഗികളും ഉൾപ്പെടെ ഇവിടെ താമസിക്കുന്നുണ്ട്. ആശുപത്രികളിലേക്ക് പോകേണ്ട രോഗികൾ ഏറെ പ്രയാസപ്പെട്ടാണ് മെയിൻ റോഡിലെത്തുന്നത്.
ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.മെയിൻ റോഡിൽ നിന്നുള്ള വെള്ളമാണ് ഇങ്ങോട്ട് കയറുന്നത്. അധികൃതർക്ക് പലവട്ടം പരാതി നൽകിയിട്ടും ഫലമില്ലെന്ന് പരിസരവാസികൾ പറയുന്നു. ഇന്റർലോക്കിടുന്നതിന് കേന്ദ്രത്തിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശത്തെയും തിരഞ്ഞെടുത്തിട്ടുണ്ടെന്നും പണി എത്രയും വേഗം ആരംഭിക്കുമെന്നും കൗൺസിലർ അറിയിച്ചു.