നേമം: വീട്ടിൽ ആളില്ലാത്ത സമയം നോക്കി കൺസ്ട്രക്ഷൻ കമ്പനി മാനേജരുടെ വീട് കുത്തിത്തുറന്ന് എട്ട് പവന്റെ ആഭരണങ്ങളും 35,000 രൂപയും കവർച്ച ചെയ്തു.പള്ളിച്ചൽ നരുവാമൂട് വെള്ളാപ്പള്ളി ചിറ്റിക്കോട് ദേവീക്ഷേത്രത്തിന് സമീപം സൗന്ദർരാജന്റെ മകൻ വിഘ്നേഷി(37)ന്റെ ഇടറോഡിനോട് ചേർന്ന വീട്ടിലാണ് മോഷണം. കള്ളൻ അലമാരി കുത്തിത്തുറന്ന് മൂന്ന് പവന്റെ ബ്രേസ്‌ലെറ്റ്,രണ്ട് പവന്റെ കമ്മൽ,മൂന്ന് പവന്റെ മാലയടക്കം ആഭരണങ്ങളും 35,000 രൂപയും കവർച്ച ചെയ്തു.
തൈക്കാട് വിശാഖ് ഗ്രൂപ്പ് ഒഫ് കൺസ്ട്രക്ഷൻ കമ്പനി മാനേജർ വിഘ്നേഷിന്റെ കുടുംബം നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് തമിഴ്നാട് ട്രിച്ചിയിലെ സഹോദരിയുടെ വീട്ടിലായിരുന്നു. അതിനാൽ തൈക്കാട് ഓഫീസിലെ ഫ്ലാറ്റിലായിരുന്നു വിഘ്നേഷ്. ഇക്കഴിഞ്ഞ 6-നാണ് കുടുംബം നരുവാമൂട്ടിലെ വീടുപൂട്ടി പോയത്. 11-ന് ഉച്ചയ്ക്ക് 12.30 മണിയോടെ ചെടിക്കും മറ്റും വെള്ളമൊഴിക്കുന്നതിനു വേണ്ടി വിഘ്നേഷ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. നരുവാമൂട് എസ്.എച്ച്.ഒ സജുകുമാർ.എസ്.ഐ വിൻസന്റ് എന്നിവരെത്തി പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്തു.