
ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചപ്പോൾ ഓടി രക്ഷപ്പെട്ട വിചാരണ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി. കാഞ്ഞിരംകുളം രവി നഗർ കോളനി സ്വദേശി വിനുവാണ് (40) പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
കാഞ്ഞിരംകുളത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി സഹതടവുകാരായ 15 പേരോടൊപ്പം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം.ഇന്നലെ രാവിലെ 10.30ഓടെ എക്കോ പരിശോധന നടത്തി ഫലവുമായി ഡോക്ടറെ കാണാൻ വരുന്നതിനിടെയാണ് ജയിൽ വാർഡന്മാരെ തള്ളിമറിച്ച് പ്രതി ഓടി രക്ഷപ്പെട്ടത്. ജയിൽ വാർഡന്മാർ പിന്തുടർന്നെങ്കിലും ഇയാൾ ഓടിമറഞ്ഞു.
തുടർന്ന് മെഡിക്കൽ കോളേജ് പൊലീസും ജയിൽ വാർഡർമാരും നടത്തിയ അന്വേഷണത്തിൽ ഉച്ചയ്ക്ക് 1ഓടെ ഒ.പി ബ്ലോക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.ജയിൽ വേഷത്തിലായിരുന്നു ഇയാൾ.
കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ജൂൺ 29നാണ് വിനു വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് മെഡിക്കൽ കോളേജ് പൊലീസ് പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പിടികൂടി മെഡിക്കൽ കോളേജ് സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കി പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർക്ക് കൈമാറി.