
തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്. പ്രതി കുറവൻകോണം സ്വദേശി കൂപ്പർ ദീപു എന്ന ജി.എസ് ദീപു കഴിഞ്ഞ ദിവസം കർണാടകയിലേക്ക് രക്ഷപ്പെട്ടതായി വിവരമുണ്ടായിരുന്നെങ്കിലും പ്രതി അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു.
മധുര കേന്ദ്രമാക്കിയാണ് അന്വേഷണം. സ്ഥലം സ്ഥിരീകരിച്ചാൽ അന്വേഷണ സംഘം പുറപ്പെടും. പ്രതിയുടെ സുഹൃത്തുകളുടെയും പ്രതി ബന്ധപ്പെടാൻ സാദ്ധ്യതുള്ളവരുടെയും ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകൾ,സംഭവ സമയത്തെ പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ,സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കും. ചൊവ്വാഴ്ച രാത്രി 11ന് അപ്പാർട്ട്‌മെന്റിലെത്തിയ ദീപു പെൺകുട്ടിക്ക് മദ്യം നിർബന്ധിച്ച് നൽകിയശേഷം പീഡിപ്പിച്ചെന്നാണ് പരാതി. കഴക്കൂട്ടം എസ്.എച്ച്.ഒ ഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.