തിരുവനന്തപുരം: ഡിജിറ്റൽ ക്രിയേറ്റേഴ്സിന് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മിഷൻ. ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ കണ്ടന്റ് ക്രിയേറ്റേഴ്സിനെ വാർത്തെടുക്കുന്നതാണ് ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായ ബ്രിഡ്ജിംഗ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിപാടി ഒരുക്കിയിരിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എട്ടുമാസത്തേക്ക് അനുബന്ധ സഹായങ്ങളും നൽകും.18 മുതൽ 40 വയസുവരെയുള്ളവർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം. അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം. താത്പര്യമുള്ളവർ 15നകം creatorbootcamp2024@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡേറ്റയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും അയയ്ക്കണം.