k

തിരുവനന്തപുരം:സൈനിക് സ്കൂളിലെ ഉദ്യോഗസ്ഥനെന്ന പേരിൽ വിളിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി.കുളത്തൂരിൽ ഇലക്ട്രിക്ക് ഷോപ്പ് നടത്തുന്ന ആളെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. കഴക്കൂട്ടം സൈനിക്ക് സ്കൂളിലേക്ക് ആറു ഫാനും 20 ബൾബും ഉൾപ്പെടെ 50,000 രൂപയുടെ സാധനങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഫോൺ വന്നത്.ഹിന്ദിയിലായിരുന്നു സംസാരിച്ചത്.തുടർന്ന് ഷോപ്പ് ഉടമ സെയിൽസ് ഓർഡർ തയാറാക്കി വാട്ട്സാപ്പിൽ അയച്ചു.വാട്ട്സാപ്പിലെ പ്രൊഫൈൽ പിക്ചർ സൈനിക്ക് സ്കൂളിന്റേതായിരുന്നതിനാൽ ജീവനക്കാരൻ വിശ്വസിച്ചു.എത്രയും വേഗം സ്കൂളിന് മുന്നിൽ സാധനങ്ങളുമായി എത്തണമെന്ന് അറിയിച്ചു.സ്കൂളിലെത്തിയെങ്കിലും പേയ്മെന്റ് ലഭിക്കാത്തതിനാൽ ഉടമ മടങ്ങിപ്പോയി.സാങ്കേതിക തകരാറുകാരണം പണം അയയ്ക്കാനാവുന്നില്ലെന്നും മറ്റാരുടെയെങ്കിലും അക്കൗണ്ട്നമ്പർ അയയ്ക്കാനും വ്യാജൻ ആവശ്യപ്പെട്ടു.തുടർന്ന് മകളുടെ അക്കൗണ്ട് നമ്പർ നൽകി. 48,746 രൂപ ആദ്യവും 70,000 രൂപ രണ്ടാമതും അയച്ചതായി ഉടമയുടെ ഫോണിൽ മെസേജ് വന്നു.പണം അധികമായി തെറ്റി അയച്ചതാണെന്നും ബാക്കി പണം വേഗം തിരികെ നൽകണമെന്നും വ്യാജൻ പറഞ്ഞു.എന്നാൽ,അക്കൗണ്ടിൽ 10,000 രൂപ മാത്രമുണ്ടായിരുന്നതിനാൽ ഉടമയ്ക്ക് പണം അയയ്ക്കാനായില്ല.ഇതിനിടയിൽ,ഇത് വ്യാജ നമ്പറാണെന്ന് ബാങ്കിൽ നിന്ന് സന്ദേശം വന്നു. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം അക്കൗണ്ടിൽ വന്നിട്ടില്ലെന്നും ഫോൺ മെസേജിൽ '47,000 ക്രെഡിറ്റഡ്' എന്ന് ടൈപ്പ് ചെയ്താണ് അയച്ചതാണെന്നും മനസിലാക്കിയത്. കഴക്കൂട്ടം പൊലീസിലും സൈബർ സെല്ലിലും പരാതിപ്പെട്ടു.