
കുളത്തൂർ: എട്ടുവർഷമായി കാൽനടയാത്ര പോലും അസാദ്ധ്യമാംവിധം തകർന്നുകിടന്ന് ഒടുവിൽ നവീകരണം ആരംഭിച്ച കുളത്തൂർ - അരശുംമൂട് - തമ്പുരാൻമുക്ക് റോഡിന്റെ ദുർഗതിക്ക് മാറ്റമില്ല. പണികൾ മന്ദഗതിയിൽ നടക്കുന്നതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്.
മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ ഭാഗമായ പൈപ്പിടൽ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് റോഡ് കുളമാക്കിയത്. റോഡ് തകർന്നതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
അമൃത് പദ്ധതിയിൽ ഉൾപ്പെട്ട കഴക്കൂട്ടം - മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ആദ്യം തുടങ്ങിയത് അരശുംമൂട് - തമ്പുരാൻമുക്ക് റോഡിലാണ്. എന്നാൽ സമയബന്ധിതമായി പൂർത്തിയാകാതെ നിർമ്മാണം അനന്തമായി നീണ്ടു.
നിരവധി പാർപ്പിട സമുച്ചയങ്ങളും ജനങ്ങളും തിങ്ങിപ്പാർക്കുന്ന ടെക്നോപാർക്ക് ഫേസ് ത്രീയിലൂടെ കടന്നുപോകുന്ന റോഡ് പൂർണമായും തകർന്ന നിലയിലാണ്. ചെളിക്കുഴിയായ റോഡിലൂടെ സഞ്ചരിക്കാനാവാത്തതിനാൽ പലരും വീട് പൂട്ടി വാടക വീടുകളിലേക്ക് മാറി. വാഹനങ്ങൾ വീടുകളിൽ നിന്ന് പുറത്തെത്തിക്കാനാകാതെ ഉപയോഗശൂന്യമായി.എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരുടെ ദുരിതം കണ്ടറിഞ്ഞ് ജനപ്രതിനിധികൾ റോഡിന്റെ നിർമ്മാണം ആരംഭിച്ചത് സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രവൃത്തികൾ വൈകിപ്പിച്ച് ജനങ്ങളെ വീണ്ടും കഷ്ടത്തിലാക്കരുത്.സമയബന്ധിതമായി നിർമ്മാനം പൂർത്തിയാക്കി റോഡ് തുറന്ന് നൽകണം.
ഒ.ബി.സുനിൽ,രക്ഷാധികാരി കിഴക്കുംകര റസിഡന്റ്സ് അസോസിയേഷൻ,
എസ്.എൻ.ഡി.പി കിഴക്കുംകര ശാഖാ കമ്മിറ്റിയംഗം