
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിനെക്കാൾ ഗൗരവതരമാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രിയും സി.പി.എമ്മും എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന കാഴ്ചയാണ് ജനങ്ങൾ
കണ്ടതെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം..
ഇടത് മുന്നണി യോഗത്തിലും വിഷയം ചർച്ച ചെയ്തില്ല. ആരോപണ വിധേയനായ എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും മുഖ്യമന്ത്രി തയ്യാറായില്ല. ഇതിനാലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് എ.ഡി.ജി.പിക്കെതിരായി പരസ്യ നിലപാടെടുക്കേണ്ടി വന്നത്. നിയമസഭ ചേരുന്നതിന്റെ തലേ ദിവസമാണ് അജിത്കുമാറിനു സ്ഥാനചലനമുണ്ടായത്. ഇതു നേരത്തെ ചെയ്തിരുന്നെങ്കിൽ സർക്കാരും മുന്നണിയും പ്രതിരോധത്തിലാകില്ലായിരുന്നുവെന്നും വാദമുയർന്നു.അൻവറിന്റെ ആവർത്തിച്ചുള്ള വെളിപ്പെടുത്തലുകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. .
. പാർട്ടി സെക്രട്ടറി പറയേണ്ട കാര്യങ്ങൾ മറ്റു നേതാക്കൾ പറയുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും ഇക്കാര്യത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു സ്വീകരിച്ച നിലപാടിനോട് യോജിക്കാനാവില്ലെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. പാർട്ടി മുഖപത്രത്തിൽ പാർട്ടി നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്. എന്നാൽ പ്രകാശ് ബാബുവിനെ
പോലുള്ള മുതിർന്ന നേതാക്കൾ പാർട്ടി നിലപാട് സ്വന്തമായി പ്രഖ്യാപിക്കുന്നത് സി.പി.ഐയിൽ കേട്ടുകേൾവി ഇല്ലാത്തതാണ്.
പാർട്ടി സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ ആനിരാജ ചില വിഷയങ്ങളിൽ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് നിരക്കുന്നതല്ല. ആനിരാജയെ പാർട്ടി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാൽ പ്രകാശ്ബാബുവിന്റെയോ മറ്റു നേതാക്കളുടെയോ പേര് അദ്ദേഹം പരാമർശിച്ചില്ല. ദേശീയ സെക്രട്ടറി ഡി.രാജയും പങ്കെടുത്തു.