
കടയ്ക്കാവൂർ: കാർ വാടകയ്ക്കെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാതെ വാഹനവുമായി ഒളിവിൽപ്പോയ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ വില്ലേജിൽ ഗുരുവിഹാർ ഇർഫാൻ ഹൗസിൽ ബിന്ദുവിന്റെ മകൾ ഹണിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ16 V 6320 രജിസ്ട്രേഷനിലെ നീല മാരുതി സ്വിഫ്റ്റ് കാറാണ് ജനുവരി 31ന് വക്കം കായൽവാരത്തുള്ള അനസും അഞ്ചൽ സ്വദേശിയായ റിയാസ് ഖാനും ചേർന്ന് വാടകയ്ക്കെടുത്തത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാതെ വാഹനവുമായി പ്രതികൾ കടന്നതിനെ തുടർന്ന് ഹണി കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ സമയം ഹണിയുടെ ഭർത്താവായ ശ്യാമിനെ ബീമാപള്ളി സ്വദേശികളായ അർഷാദും ജവാദ്ഖാനും ഫോണിൽ വിളിച്ച് വാഹനം കൈവശമുണ്ടെന്നറിയിച്ച് രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ ആവശ്യപ്പെട്ടു. പൊലീസിന്റെ നിർദ്ദേശാനുസരണം പരാതിക്കാരിയും ഭർത്താവും പരുത്തിക്കുഴി മെയിൻ റോഡിനു സമീപം തുകയുമായി പോകവെ ഇവരെ കാറിലും ഓട്ടോയിലും ബൈക്കിലുമായി പിന്തുടർന്ന അന്വേഷണസംഘം ബൈക്കിലെത്തിയ മുട്ടത്തറ വള്ളക്കടവ് ഷിഫ മൻസിൽ ടി.സി 46/490 ൽ ജവാദ് ഖാനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ബീമാപള്ളിയിലുള്ള അർഷാദിന് 2,20,000 രൂപയ്ക്ക് അനസും റിയാസ്ഖാനും ചേർന്ന് വ്യാജ രേഖയുണ്ടാക്കി കാർ വിറ്റതായി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയപ്രസാദ്,ശ്രീകുമാർ,ഷാഫി,വലിയതുറ സബ് ഇൻസ്പെക്ടർ,എസ്.സി.പി.ഒ മാരായ സുഗുണൻ,ജയശങ്കർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനസ്,റിയാസ് ഖാൻ,അർഷാദ് എന്നിവർക്കായി അന്വേഷണം തുടരുകയാണ്.