ഉദിയൻകുളങ്ങര: സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥാപിച്ച സ്തൂപങ്ങളിൽ ഒന്ന് നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ ഏറെയായിട്ടും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ സ്തംഭത്തിനോട് പോലും അവഗണനയെങ്കിൽ കേരള -തമിഴ്നാട് അതിർത്തിയിൽ മൂന്നാംകൂറ്റുകാരായി കഴിയുന്നവരുടെ അവസ്ഥ മനസിലാക്കണമെന്നാണ് തമിഴ്നാട്ടിലെ മലയാളി സമാജങ്ങൾ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരത്തു നിന്നും തെക്കുഭാഗത്തേക്ക് സംസ്ഥാന അതിർത്തിയായ കളിയിക്കാവിള കഴിഞ്ഞാലുള്ള മലയാളികൾ തെക്കൻ ജില്ലക്കാരായും അന്യസംസ്ഥാനക്കാരായും മാറുന്നു.

ഒരുകാലത്ത് തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിന്റെ പ്രധാന ഭാഗമായിരുന്ന തെക്കൻ തിരുവിതാംകൂർ അത്രയേറെ മലയാളികൾക്ക് പ്രിയങ്കരമായിരുന്നു. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ഭക്ഷ്യസംബന്ധമായ ഈ പ്രദേശം ഭാഷ അടിസ്ഥാനത്തിൽ അതിർത്തികൾ മാറ്റിയപ്പോൾ തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു. നാഗർകോവിൽ- കന്യാകുമാരി ഉൾപ്പെടുന്ന പ്രദേശത്ത് ഇന്ന് വളരെയേറെ മലയാളികൾ താമസിക്കുന്നുണ്ട്.

അതിർത്തികൾ പങ്കിടുമ്പോൾ

കേരളം രൂപീകൃതമായപ്പോൾ തിരുവിതാംകൂറിന്റെ ഭക്ഷ്യസുരക്ഷയിൽ നിർണായക പങ്കുവഹിച്ച കേരളത്തിന്റെ ഭാഗമായിരുന്ന തോവാള,അഗസ്തീർശ്വരം,പത്മനാഭപുരം,കൽക്കുളം,വിളവൻകോട് തുടങ്ങിയ താലൂക്കുകൾ തമിഴ്നാടിനോടൊപ്പം ചേരുകയും കേരളത്തിന്റെ ഭക്ഷ്യോല്പാദന കേന്ദ്രങ്ങളിൽ നിരവധി നഷ്ടപ്പെട്ടിട്ടുമുണ്ട്. മാത്രവുമല്ല കേരളത്തിന്റെ ദേവസ്വം ബോർഡിനു കീഴിൽ വരേണ്ട കുമാരകോവിൽ, ശുശീന്ദ്രം,തിരിച്ചന്തൂർ,നാഗർകോവിൽ ക്ഷേത്രം,കന്യാകുമാരി ദേവി ക്ഷേത്രം,വിവേകാനന്ദ പാറ തുടങ്ങിയവയുടെ ക്ഷേത്ര വരുമാനങ്ങളിൽ മുഖ്യഭാഗവും തമിഴ്നാടിന്റെ ഭാഗമായി.

ദേശീയ സ്തൂപം ഇല്ലാതാകുന്നു

1956ലെ സംസ്ഥാന വിഭജനങ്ങളുടെ ഭാഗമായി കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ 1958ൽ ഇരുസംസ്ഥാനങ്ങളും സംയുക്തമായി സ്ഥാപിച്ച ദേശീയ സ്തൂപത്തിൽ ഒന്ന് വർഷങ്ങളായി തകർന്നു കിടന്നിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് കേരള തമിഴ്നാട് അതിർത്തിയിലെ മലയാളി സ്നേഹികളുടെ ആക്ഷേപം.
ഇരുകൈയും നീട്ടി കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിൽ നിലകൊണ്ടിരുന്ന ദേശീയ സ്തംഭങ്ങളിൽ വലതുഭാഗത്തുള്ള സ്തംഭം ആറു വർഷത്തിനു മുമ്പ് തകർന്ന് നിലത്ത് വീണിരുന്നു. ഇടത് ഭാഗത്തുള്ള സ്തംഭം ഇപ്പോഴും നിലവിലുണ്ടെങ്കിലും ശോചനീയാവസ്ഥയിലാണ്.

വെൽക്കം ബോർഡും കാണാമറയത്ത്

സ്തംഭത്തിന് സമീപം വെൽക്കം ടു മദ്രാസ് എന്നും തിരികെ വരുന്നവർക്ക് വെൽക്കം ടു കേരള എന്നും കാണുന്ന തരത്തിൽ ബോർഡുകൾ ഉണ്ടായിരുന്നതും കാണുന്നില്ല. ചരിത്ര സ്നേഹികൾ പരാതികൾ പലതും ജനപ്രതിനിധികൾക്ക് നൽകിയെങ്കിലും നാളിതുവരെ പരിഹാരം കണ്ടിട്ടില്ല.