
പാലോട്: കാലങ്ങളായി അസാധാരണ മത്സരങ്ങൾക്ക് വേദിയൊരുക്കുന്ന നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പനവൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ ചെല്ലഞ്ചിയിൽ ഇക്കൊല്ലവും പതിവ് തെറ്റിയില്ല. കൊയ്ത്തു കഴിഞ്ഞ വയലിൽ കെട്ടിനിറുത്തിയ വെള്ളത്തിലാണ് മത്സരങ്ങൾ നടത്തിയത്. 28-ാം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് മത്സരങ്ങൾ. വെള്ളത്തിന് കുറുകെ കെട്ടിയ വടത്തിലൂടെ 30 മീറ്ററോളം തൂങ്ങി സഞ്ചരിപ്പിച്ചും അരയ്ക്കൊപ്പം കെട്ടിനിറുത്തിയ വെള്ളത്തിലൂടെ ഓടിച്ചും പ്രൊഫഷണൽ വടം വലിക്കാരെ ഉഴുതുമറിച്ച നിലത്തിൽ മുട്ടോളം ചെളിക്കുണ്ടിൽ മത്സരത്തിനിറക്കിയുമാണ് ആഘോഷം പൊടിപൊടിച്ചത്. ആഘോഷത്തിൽ പങ്കാളികളാവാൻ നാനാദിക്കിൽ നിന്നുള്ളവരുണ്ടായിരുന്നു.
വെള്ളത്തിലോട്ടമായിരുന്നു ആദ്യമത്സരം. വയലിനു കുറുകെയുള്ള വടത്തിൽ തൂക്കം പിന്നാലെ. കാഴ്ചക്കാരിൽ ചിരിപടർത്തിയ മത്സരാർത്ഥികളും ആവേശം ജനിപ്പിച്ച സാഹസിക പ്രകടനക്കാരും ഏറെയുണ്ടായി. ഇരുപതോളം ടീമുകൾ വെള്ളത്തിലെ വടംവലിയിൽ മാറ്റുരച്ചു.