
വർക്കല: ശക്തമായ മഴയിൽ പാപനാശം നോർത്ത് ക്ലിഫ് ഹെലിപ്പാട് ഭാഗത്തെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സമീപത്തുള്ള കുന്നിടിഞ്ഞു. ഇക്കഴിഞ്ഞ മേയിൽ സുരക്ഷാവേലിയോട് ചേർന്ന് 10 മീറ്ററോളം വീതിയിൽ കുന്നിടിഞ്ഞ അതേ ഭാഗത്താണ് വെള്ളിയാഴ്ച രാത്രിയോടെ അടർന്ന് വീണത്. ബാരിക്കേഡുകളും കയറും കഴകളും ഉപയോഗിച്ച് നഗരസഭയും പൊലീസും സുരക്ഷ ഒരുക്കിട്ടുണ്ട്. അപകട സാദ്ധ്യത മുൻനിറുത്തി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ കവാടം മുതൽ പൊലീസ് എയ്ഡ് പോസ്റ്റ് വരെ പാർക്കിംഗ് നിരോധിച്ചിരുന്നു. എന്നാൽ അവധി ദിവസങ്ങളിൽ വാഹന നിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ ഹെലിപ്പാട് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നുണ്ട്. ഇതും കുന്നിന്റെ സമ്മർദ്ദത്തിന് കാരണമാകുന്നു. മഴ ശക്തമായതോടെ കുന്നുകളുടെ പല ഭാഗത്തും വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. നടപ്പാത ഇടിയാനും സാദ്ധ്യതയുണ്ട്. അപകടമേഖലകളിൽ വേലികളും ജാഗ്രതാ ബോർഡുകളും നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾക്ക് കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനുള്ള ശേഷിയില്ല.